ബാലാവകാശ സംരക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം: ജസ്റ്റിസ് ഷാജി പി ചാലി

ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ മാത്രമേ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വക്കാന്‍ കഴിയൂവെന്നും ജസ്റ്റിസ്് ഷാജി പി ചാലി കൂട്ടിച്ചേര്‍ത്തു.

Update: 2020-01-18 09:55 GMT

കൊച്ചി: ബാലാവകാശ സംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലി അഭിപ്രായപ്പെട്ടു. എറണാകുളം ലോ കോളജ് അസംബ്ലി ഹാളില്‍ നടന്ന ബാലനീതി ശാക്തീകരണ ശില്‍പശാല ഉദ് ഘാടനം ചെയ്യുകയായിരുന്നു ബാലനീതി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം. ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ മാത്രമേ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ത്രേറ്റ് രഞ്ജിത് കൃഷ്ണന്‍, പോക്‌സോ സെഷന്‍സ് ജഡ്ജ് പി ജെ വിന്‍സന്റ്, ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ശാലീന വി നായര്‍, ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ബിറ്റി കെ ജോസഫ്,ബാലാവകാശ സംരക്ഷണ കമ്മീഷനംഗം എം പി ആന്റണി , ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ ബി സൈന സംസാരിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് എന്നിവ സംയുക്തമായാണ് ബാല നീതി കര്‍ത്തവ്യ വാഹകര്‍ക്കായി ശില്‍പശാല നടത്തിയത്.

Tags:    

Similar News