കുരുന്നുകള്‍ക്ക് വഴികാട്ടിയായി റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക്

2018 മേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 325 കുട്ടികളെയാണ് കണ്ടെത്തിയത്.

Update: 2019-01-07 05:23 GMT

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടുപോവുകയോ ചെയ്യുന്ന കുരുന്നുകള്‍ക്ക് വഴികാട്ടിയായി റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക്. 2018 മേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 325 കുട്ടികളെയാണ് കണ്ടെത്തിയത്. റെയില്‍വേ വനിതാശിശുക്ഷേമ മന്ത്രാലയങ്ങളും ചൈല്‍ഡ് ലൈന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അസ്വഭാവിക സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍, ബാലവേല, കാണാതാവുന്നവര്‍, തീവണ്ടി മാറിക്കയറിയെത്തുന്നവര്‍, മാതാപിതാക്കളും സ്‌കൂള്‍ അധികൃതരുംഅറിയാതെ വരുന്നവര്‍, മാതാപിതാക്കളോടൊപ്പമെങ്കിലും സുരക്ഷിതരല്ലാത്തവര്‍ തുടങ്ങിയ വിവിധ കേസുകളാണ് ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കിലേക്കെത്തുന്നത്. ആറുമാസം മുമ്പ് ചെന്നൈയില്‍നിന്നും കാണാതായ 16കാരനെ റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ വോളന്റിയര്‍മാര്‍ കണ്ടെത്തി കഴിഞ്ഞയാഴ്ച മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍നിന്നു നാടുവിട്ടതാണെന്ന് മനസ്സിലായത്. വിവിധ ഇടങ്ങളില്‍ ജോലിചെയ്ത ശേഷമാണ് ബാലന്‍ കോഴിക്കോട്ടെത്തിയത്. ചെന്നൈ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതായി പറഞ്ഞു. ഒടുവില്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടുനല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധികേസുകളാണ് ഹെല്‍പ് ഡെസ്‌കിലെത്തുന്നത്. നവംബര്‍ വരെ 244 ആണ്‍കുട്ടികളെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും കണ്ടെത്തിയത്. ഒരുമാസം 35ലധികം കേസുകള്‍ എത്തുന്നുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് കേസുകള്‍ തീര്‍പ്പാക്കുന്നത്.


കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ശേഷി ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായവും ലഭിക്കുന്നുണ്ട്. എല്ലാ മാസവും പദ്ധതിയുടെ വിശകലം നടത്തി റെയില്‍വേ മന്ത്രാലയത്തിനു അയച്ചുകൊടുക്കണം. കൗണ്‍സിലറും കോഓഡിനേറ്ററുമടക്കം 12 പേരാണ് ചൈല്‍ഡ് ലൈനിലുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 1098 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ സഹായം ലഭിക്കും.




Tags:    

Similar News