സഭാ തര്‍ക്കം രമ്യമായി പരിഹരിക്കണം; ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന് മുതിര്‍ന്ന വൈദികരുടെ കത്ത്
സംസ്‌കാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രൈസ്തവസാക്ഷ്യത്തിനെതിരാണെന്നും ഇത് പരിഹരിക്കാന്‍ പ്രാദേശിക നീക്കുപോക്കുകള്‍ കൈക്കൊള്ളണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാത്തോലിക്ക ബാവയ്ക്ക് അയച്ച കത്തില്‍ വൈദികര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: യാക്കോബായ സഭയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന് സഭയിലെതന്നെ മുതിര്‍ന്ന വൈദികരുടെ കത്ത്. സംസ്‌കാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രൈസ്തവസാക്ഷ്യത്തിനെതിരാണെന്നും ഇത് പരിഹരിക്കാന്‍ പ്രാദേശിക നീക്കുപോക്കുകള്‍ കൈക്കൊള്ളണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാത്തോലിക്ക ബാവയ്ക്ക് അയച്ച കത്തില്‍ വൈദികര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയില്‍ നിലവിലെ മെത്രാപ്പോലീത്തമാരുടെ സെമിനാരി അധ്യാപകനായ ഫാ. ടി ജെ ജോഷ്വ അടക്കമുള്ള 13 വൈദികരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.
സുപ്രിംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കത്തിന് ശാശ്വതപരിഹാരമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍, സമീപകാലസംഭവങ്ങള്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. പൊതുസമൂഹത്തില്‍ സഭ അവഹേളിക്കപ്പെട്ടെന്നും രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും ചെയ്തുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഓര്‍ത്തഡോക്‌സുകാര്‍ വേട്ടക്കാരും യാക്കോബായക്കാര്‍ ഇരകളുമെന്ന രീതിയിലാണ് കാഴ്ചപ്പാട്. രാഷ്ട്രീയമായിപോലും അവഗണിക്കപ്പെടുന്ന സാഹചര്യമാണ്. യാക്കോബായ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള നടപടികളുണ്ടാവണം.
യാക്കോബായ സഭാംഗങ്ങളുടെ സംസ്‌കാരം സംബന്ധിച്ച് ഭാവിയില്‍ തര്‍ക്കങ്ങളുണ്ടാവാതിരിക്കാന്‍ കൃത്യമായ ധാരണയുണ്ടാക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. യാക്കോബായ സമൂഹത്തെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുമുള്ള നടപടികളുണ്ടാവണം. അഭിഭാഷകരെ മാത്രം ആശ്രയിച്ച് തീരുമാനമെടുക്കാതെ സഭ സുന്നഹദോസ്, വിവിധ സഭാസമിതികള്‍ എന്നിവ വിളിച്ചുചേര്‍ത്ത് തീരുമാനങ്ങളെടുക്കണം. ഇത് വിശ്വാസികളുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നതിനും പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നും വൈദികര്‍ കത്തില്‍ വ്യക്തമാക്കുന്നു.