ഓര്‍ത്തഡോക്സ് സഭയുമായുള്ള കൗദാശിക ബന്ധം അവസാനിപ്പിക്കുന്നതായി യാക്കോബായ സഭ

പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസാണ് തീരുമാനമെടുത്തത്. ഓര്‍ത്തഡോക്സ് സഭയുമായി ആരാധനകളിലോ പ്രാര്‍ഥനകളിലോ കൂദാശകളിലോ യാതൊരു ബന്ധങ്ങളും ഉണ്ടായിരിക്കുകയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാത്രിയാര്‍ക്കീസ് ബാവായുടെ അനുമതിയോടെ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികള്‍ക്ക് കല്‍പ്പന പുറപ്പെടുവിക്കും

Update: 2020-08-20 15:24 GMT

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കൈവശത്തിലുള്ള ദേവാലയങ്ങള്‍ ഓര്‍ത്തഡോക്സ് സഭ കൈവശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യാക്കോബായ സഭ സുന്നഹദോസ് തീരുമാനിച്ചു. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസാണ് തീരുമാനമെടുത്തത്. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭയുമായി ആരാധനകളിലോ പ്രാര്‍ഥനകളിലോ കൂദാശകളിലോ യാതൊരു ബന്ധങ്ങളും ഉണ്ടായിരിക്കുകയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാത്രിയാര്‍ക്കീസ് ബാവായുടെ അനുമതിയോടെ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികള്‍ക്ക് കല്‍പ്പന പുറപ്പെടുവിക്കും.

മുളന്തുരുത്തി പള്ളി പിടിച്ചെടുക്കുകയും സ്ത്രീകളും കുട്ടികളും വൈദീകരും മെത്രാപ്പോലീത്തമാരുമടങ്ങുന്ന വിശ്വാസികള്‍ പോലിസിന്റെ മര്‍ദ്ദനത്തിനിരയായതിലും സുന്നഹദോസ് പ്രതിഷേധിച്ചു.മുളന്തുരുത്തി പള്ളിയിലുണ്ടായ സംഭവത്തിനുത്തരവാദികളായ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒക്കെതിരേയും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്കെതിരേയും കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സുന്നഹദോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആരാധനാ സ്വാതന്ത്ര്യവും ജനാധിപത്യ മര്യാദകളും പാലിച്ച് യാക്കോബായ വിശ്വാസികളുടെ ദേവാലയങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് തിരുവനന്തുപും സെന്റ് മേരീസ് പള്ളിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മെത്രാപ്പോലീത്തമാര്‍ ഉപവാസം നടത്തും. ഇതോടനുബന്ധിച്ച് തന്നെ സഭയുടെ പള്ളികളില്‍ പ്രതിഷേധവും റിലേ നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കും. മുളന്തുരുത്തി പള്ളിയിലുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് 23-ന് എല്ലാ പള്ളികളിലും പ്രതിഷേധ പരിപാടികളും നടത്തും.

യാക്കോബായ സഭയുടെ പള്ളികള്‍ കയ്യേറുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഓര്‍ത്തഡോക്‌സ് സഭയുമായി സഹോദരി സഭകളുമായി നിലകൊള്ളുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളുവെന്നും സുന്നഹദോസ് വ്യക്തമാക്കി. സുന്നഹദോസ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ്, മാത്യൂസ് മോര്‍ അന്തിമോസ്, സഭ വൈദീക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News