നരേന്ദ്രമോദി- അദാനി ബന്ധത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രം: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായി ഗൗതം അദാനി തമ്മിലുള്ള ബന്ധത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് രാഹുല്‍ ഗാന്ധി എംപി. അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വയനാട് മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാര്‍ലമെന്റില്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
പ്രധാനമന്ത്രിക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നതെങ്ങനെയെന്ന് രാഹുല്‍ ചോദിച്ചു. താന്‍ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാല്‍, പാര്‍ലമെന്റിലെ തന്റെ പ്രസംഗം നീക്കം ചെയ്തു. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്പോള്‍ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ? അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങള്‍ ഭൂരിഭാഗവും രേഖകളില്‍നിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം. സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
പ്രസംഗങ്ങളില്‍ പറഞ്ഞതിന് തെളിവ് വേണമെന്ന് പാര്‍ലമെന്റ് സെക്രട്ടി പറഞ്ഞു. എല്ലാം നല്‍കാമെന്ന് മറുപടി നല്‍കി. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. എന്നാല്‍, താന്‍ അത് കാര്യമാക്കിയിട്ടില്ല, എന്തുകൊണ്ട് എന്റെ പേര് രാഹുല്‍ നെഹ്‌റു എന്നായില്ല പകരം രാഹുല്‍ ഗാന്ധി എന്നായെന്ന് ചോദിച്ചു. ഇന്ത്യയില്‍ പിതാവിന്റെ കുടുംബപേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളതെന്ന് അദ്ദേഹത്തിനറിയാത്തതല്ല. മോദിയുടെ കൈയില്‍ എല്ലാ ഏജന്‍സികളുമുണ്ടാവും. എന്നാല്‍, അദ്ദേഹത്തെ ഭയക്കുന്നില്ല. ഒരുദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടിവരും''- രാഹുല്‍ പറഞ്ഞു.
ഗൗതം അദാനിക്കുണ്ടായ വളര്‍ച്ച മാത്രമാണ് 8 വര്‍ഷത്തിനിടയിലെ 'മോദി മാജിക്' എന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചുസഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടി. പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാര്‍ എന്നതാണ് ബിജെപി സര്‍ക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോവുമ്പോഴും അദാനി കൂടെ പോവുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകള്‍ കിട്ടി. ഇസ്രായേലുമായുള്ള പ്രതിരോധ കരാറിന്റെ 90 ശതമാനം അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്നും ഭരണപക്ഷ എംപിമാരോടു രാഹുല്‍ ചോദിച്ചു.