പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിച്ചാല്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കും: ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി
ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഇവിടെത്തെ പൗരന്‍മാരാണ് എന്നതാണ് നമ്മുടെ രീതിയും പാരമ്പര്യവും. അത് തിരുത്തി ചില പ്രത്യേക വിഭാഗങ്ങളെ നാട്ടില്‍നിന്നും പുറത്താക്കാനാണ് സംഘപരിവാരം പുതിയ നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല.
മലപ്പുറം: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്‍മാരില്‍ അടിച്ചേല്‍പ്പിച്ചാല്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് എസ് ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി. മലപ്പുറം വാരിയം കുന്നന്‍ ടൗണ്‍ ഹാളില്‍ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന സംസ്ഥാനതല നിയമസഭാ തിരഞ്ഞെടുപ്പ് കാംപയിന്റെ പ്രചാരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഇവിടെത്തെ പൗരന്‍മാരാണ് എന്നതാണ് നമ്മുടെ രീതിയും പാരമ്പര്യവും. അത് തിരുത്തി ചില പ്രത്യേക വിഭാഗങ്ങളെ നാട്ടില്‍നിന്നും പുറത്താക്കാനാണ് സംഘപരിവാരം പുതിയ നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല.
ഭരണഘടനയുടെ ലംഘനമാണ് പുതിയ ഭേദഗതി. ജനങ്ങളെ അണിനിരത്തി പൗരത്വ ഭേദഗതി നിയമത്തെ നിയമലംഘന പ്രസ്ഥാനം ആരംഭിച്ച് പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകളാദി ന്യുനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനമായിരുന്നു മുസ്‌ലിം ലീഗ്. സമുദായത്തിന്റെ വേദനകളും ആശങ്കകളും പാര്‍ലന്‍മെന്റ് അടക്കമുള്ള വേദികളില്‍ സേട്ടുവും ബനാത്ത് വാലയും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള ലീഗ് നേതൃത്വം അധികാരത്തിന് വേണ്ടി എല്ലാം ബലികഴിക്കുകയാണ്.
ഫാഷിസത്തെ ഡല്‍ഹിയില്‍ പോയി പ്രതിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പി കെ കുഞ്ഞാലികുട്ടി യുദ്ധം മതിയാക്കി കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പോലും അധികാരത്തിന്റെ മുന്നില്‍ അവഗണിക്കുകയും മറക്കുകയും ചെയ്യുകയാണ്. ലീഗിലുള്ള എല്ലാ വിശ്വാസവും ജനങ്ങള്‍ക്കും വിശിഷ്യാ ന്യൂനപക്ഷങ്ങള്‍ക്കും നഷ്ടമായിരിക്കുന്നു. ഇന്ത്യലെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായി എസ് ഡിപിഐ വളര്‍ന്നുകൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിച്ച് വര്‍ഗീയ കലാപങ്ങളും വര്‍ഗീയധ്രുവീകരണവുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗുഢാലോചനയാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. സംസ്ഥാനത്ത് കൊടുംക്രിമിനലായ യോഗി ആദിത്യനാഥിനെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. ഇതിനെതിരേ ജനങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും ജാഗ്രത പാലിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിനുവേണ്ടി ബിജെപിയെ സഹായിക്കുന്ന നിലപാട് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തിരുത്തണം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ട്രഷറര്‍ അഡ്വ. അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. എ എ റഹിം, ജലീല്‍ നീലാമ്പ്ര, ഡോ. സി എച്ച് അഷറഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, എം പി മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനിയെ കിഴക്കേത്തലയില്‍നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയാണ് ടൗണ്‍ ഹാളിലേക്ക് ആനയിച്ചത്. ബാബുമണി കരുവാരക്കുണ്ട്, സൈദലവി ഹാജി, ടി എം ഷൗക്കത്ത്, സിദ്ദീഖ് മാസ്റ്റര്‍, ശരിക്കാന്‍, റഈസ് പുറത്തൂര്‍, കെ സി അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.