പൗരത്വ ഭേദഗതി നിയമം: സിപിഎം കപടരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ
സിഎഎയ്‌ക്കെതിരായ പ്രചാരണത്തിനെന്ന പേരില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ലഘുലേഖകളില്‍ ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ സിപിഎം ഹീനമായ ശ്രമമാണ് നടത്തുന്നത്.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന കപടരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. സിഎഎയ്‌ക്കെതിരായ പ്രചാരണത്തിനെന്ന പേരില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ലഘുലേഖകളില്‍ ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ സിപിഎം ഹീനമായ ശ്രമമാണ് നടത്തുന്നത്.
എസ്ഡിപിഐ മതരാഷ്ട്രവാദമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ സിപിഎമ്മിന് ധാര്‍മികബാധ്യതയുണ്ട്. സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍ വികൃതവേഷം കെട്ടുന്നത് പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. ഫാഷിസത്തിന്റെ ഭീകരതയെ ഇരകളുടെ നിലവിളികളുമായി തുല്യതകല്‍പ്പിക്കുന്ന സിപിഎം ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തെ ഒറ്റുകൊടുക്കുകയാണ്.
സിപിഎമ്മിന്റെ കാപട്യം തിരിച്ചറിഞ്ഞവര്‍ ആ പാര്‍ട്ടിയോട് വിടചൊല്ലി എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങളോട് അടുക്കുന്നതിലുള്ള വെപ്രാളത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് സമനില തെറ്റിയിരിക്കുന്നു. പാര്‍ലമെന്ററി വ്യാമോഹം സഫലമാക്കാനും ജനങ്ങളെ കബളിപ്പിക്കാനും വ്യത്യസ്തനിലപാടെടുക്കുന്ന സിപിഎമ്മിന്റെ പ്രച്ഛന്നവേഷം തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന അടിസ്ഥാനബോധമെങ്കിലും സിപിഎമ്മിനുണ്ടാവണമെന്നും റോയി അറയ്ക്കല്‍ വ്യക്തമാക്കി.