മഞ്ചേരിയില്‍ വ്യാപാരികളും ട്രേഡ് യൂനിയനും തമ്മില്‍ സംഘര്‍ഷം

എന്നാല്‍, പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സംഘടിച്ച് വീണ്ടും കടകള്‍ തുറക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

Update: 2019-01-08 06:40 GMT
മഞ്ചേരി: മഞ്ചേരിയില്‍ കട അടയ്പ്പിക്കാനെത്തിയ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. പൊതുമണിമുടക്ക് അവഗണിച്ച് ഇന്ന് രാവിലെ മഞ്ചേരിയില്‍ മിക്ക വ്യാപാരികളും കടകള്‍ തുറന്നിരുന്നു. തുടര്‍ന്ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കടകള്‍ അടപ്പിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സംഘടിച്ച് വീണ്ടും കടകള്‍ തുറക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്.


പണിമുടക്ക് സമാധാനപരമായാണ് നടക്കുന്നതെന്നും എന്നാല്‍, ചില വ്യാപാരികള്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സിഐടിയു മഞ്ചേരി ഏരിയ സെക്രട്ടറി അജിത് തേജസ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയാണെന്നും പോലിസ് സംരക്ഷണം നല്‍കുന്നില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു.

അതേ സമയം, കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം സംഘര്‍ഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും പണിമുടക്ക് ദിവസവും കടകള്‍ തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഗുജറാത്തി സ്ട്രീറ്റില്‍ ചില കടകള്‍ക്കു നേരെ അക്രമമുണ്ടായിരുന്നു. ഇതൊഴിച്ചാല്‍ കോഴിക്കോട് പണിമുടക്ക് പൊതുവേ സമാധാനപരമാണ്.




Tags:    

Similar News