സിപിഎമ്മില്‍ ലയിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് സിഎംപിയിലെ ഒരു വിഭാഗം; ലയനസമ്മേളനം ഫെബ്രുവരി 3ന്

സിപിഎമ്മുമായുള്ള ലയനസമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്തു നടക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍ പറഞ്ഞു. സിപിഎമ്മില്‍ ലയിക്കുന്നതിന് പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും സമ്മതമാണ്.

Update: 2019-01-16 12:50 GMT

കൊച്ചി: സിപിഎമ്മില്‍ ലയിക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിഎംപിയിലെ ഒരുവിഭാഗം. സിപിഎമ്മുമായുള്ള ലയനസമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്തു നടക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍ പറഞ്ഞു. സിപിഎമ്മില്‍ ലയിക്കുന്നതിന് പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും സമ്മതമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടക്കുന്നത്. 59 അംഗ സംസ്ഥാന കമ്മിറ്റിയില്‍ രണ്ടുപേരൊഴികെ 57 പേരും ലയനത്തിന് അനുകൂലമാണ്. എം വി രാഘവന്റെ മകന്‍ എം വി രാജേഷ്, മുരളി എന്നീ രണ്ടുപേര്‍ മാത്രമാണ് ലയത്തിനെതിരുനില്‍ക്കുന്നതെന്നും എം കെ കണ്ണന്‍ പറഞ്ഞു. ഇവരുടെ എതിര്‍പ്പിനെ പാര്‍ട്ടി കണക്കിലെടുക്കുന്നില്ല.

എം വി രാജേഷിനെതിരേ പാര്‍ട്ടി നേരത്തെ നടപടിയെടുത്തിട്ടുള്ള വ്യക്തിയാണെന്നും കണ്ണന്‍ പറഞ്ഞു. ലയനകാര്യം പാര്‍ട്ടിയുടെ ഒരുതലത്തിലും ചര്‍ച്ച ചെയ്തിരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തൃശൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. രാഷ്ട്രീയപ്രമേയ ചര്‍ച്ച പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സമ്മേളനത്തിനു മുമ്പായി പാര്‍ട്ടിയുടെ മുഴൂവന്‍ ബ്രാഞ്ച് കമ്മിറ്റിയിലും ലയനവിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും കണ്ണന്‍ പറഞ്ഞു. കൊല്ലം ക്യൂ എക്‌സ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നും എം കെ കണ്ണന്‍ വ്യക്തമാക്കി.






Tags:    

Similar News