പെരിന്തല്‍മണ്ണയില്‍ ജനകീയ അടുക്കള മെയ് 18ന് സ്ഥിര കേന്ദ്രത്തില്‍ ആരംഭിക്കുന്നു

പെരിന്തല്‍മണ്ണ നഗരസഭ പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ച ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. പണമില്ലാത്തവര്‍ക്കും ജനകീയഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കും.

Update: 2020-05-14 17:54 GMT

പെരിന്തല്‍മണ്ണ: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള പെരിന്തല്‍മണ്ണ നഗരസഭയുടെ ജനകീയ അടുക്കള മെയ് 18 മുതല്‍ നഗര മധ്യത്തിലുള്ള സഖാവ് ഗോവിന്ദന്‍നമ്പ്യാര്‍ മുനിസിപ്പല്‍ കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ സ്ഥിരം സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ 20 ഇന പരിപാടിയുടെയും, നഗരസഭയുടെ 2020-21 ബജറ്റിലെ 45 ഇന പരിപാടിയിലെയും പ്രധാന പദ്ധതിയാണിത്. കൊവിഡ് 19 ന്റെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലെ അടിയന്തിര സാഹചര്യത്തില്‍ നഗരസഭ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കമ്മ്യൂണിറ്റി കിച്ചനോട് ചേര്‍ന്നാണ് ഇത് വരെ ജനകീയ അടുക്കളയും പ്രവര്‍ത്തിച്ചിരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ നഗരസഭ കേന്ദ്രികരിച്ചുള്ള കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം മെയ് 16ന് അവസാനിപ്പിക്കുകയാണ്.

മാര്‍ച്ച് 23ന് പ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിറ്റി ജനകീയ കിച്ചണുകളില്‍ നിന്നും ഇതുവരെ 4882 പ്രഭാത ഭക്ഷണവും 52378 ഉച്ചഭക്ഷണവും 24484 രാത്രി ഭക്ഷണവും സൗജന്യമായി നല്‍കാനായി. നിരവധി സുമനസ്സുകള്‍ സംഭാവന നല്‍കിയ പദ്ധതി ജനകീയ കൂട്ടായ്മയുടെ മഹനീയ മാതൃക തീര്‍ത്തു.ഇതിന്റെ വിശദമായ കണക്കുകള്‍ ഉടന്‍ നഗരസഭ പൊതുജനമധ്യത്തില്‍ പ്രസിദ്ധീകരിക്കും.

കമ്യൂണിറ്റി കിച്ചന്‍ നഗരസഭ കേന്ദ്രീകരിച്ച് 54 ദിവസം അടിയന്തിര സാഹചര്യത്തില്‍ നിര്‍വ്വഹിച്ച സേവന മാതൃക സ്ഥിരം സംവിധാനം ഉണ്ടാക്കി തുടരുകയാണ് ജനകീയ അടുക്കളയിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്. അടുക്കളക്കാവശ്യമായ സ്ഥലം, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ അനുബന്ധ സൗകര്യങ്ങള്‍ വൈദ്യുതി വെള്ളം എന്നിവ നഗരസഭ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പ് ചിലവിലേക്ക് സര്‍ക്കാര്‍ കുടുംബശ്രിയുടെ ദാരിദ്യ നിര്‍മ്മാര്‍ജ്ജന ഫണ്ടില്‍ നിന്നും ഒരു ഭക്ഷണത്തിന് 10.90 രൂപയും സബ്‌സിഡി നിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കും.ജനകീയ സഹായം കൂടി ചേര്‍ത്ത് കുടുംബശ്രീ ആവശ്യക്കാര്‍ക്കെല്ലാം ഭക്ഷണം നല്‍കും.

നഗരസഭയില്‍ ഫലപ്രദമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന ജീവനം സൊല്യൂഷന്‍ എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പിനാണ് ജനകീയ അടുക്കളയുടെ നടത്തിപ്പ് ചുമതല. കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ വെച്ച് പാചകം ചെയ്യുന്ന ഭക്ഷണം മുനിസിപ്പല്‍ കോംപ്ലക്‌സിലെ ജനകീയ അടുക്കളയിലെത്തിച്ച് അവര്‍ തന്നെ വിളമ്പിക്കൊടുക്കുന്ന രീതിയിലാണ് അടുക്കളയുടെ പ്രവര്‍ത്തന രീതി. ആദ്യഘട്ടത്തില്‍ 500 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്കനുസരിച്ച് ക്രമമായി വര്‍ദ്ധിപ്പിക്കും.

നഗരസഭയുടെയും, സര്‍ക്കാറിന്റെയും പിന്തുണയോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പ് നടത്തുന്ന ഈ ജനകീയ അടുക്കളയില്‍ 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ പെരിന്തല്‍മണ്ണ നഗരസഭ പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ച ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. കയ്യില്‍ പണമില്ലാത്തവര്‍ക്കും ജനകീയഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കും.നഗരത്തിലെ അശരണര്‍, കൂലിവേലക്കാര്‍, തൊഴിലാളികള്‍, കടകളിലെ തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങി ഏതൊരാള്‍ക്കും ജനകീയ അടുക്കളയുടെ ഭക്ഷണം ലഭിക്കും.

ജനകീയ,അടുക്കളയില്‍ ഭക്ഷണം വിളമ്പി നല്‍കുന്നവരല്ലാതെ ക്യാഷ്യറോ, ടോക്കണ്‍ കൗണ്ടറോ ഉണ്ടാവില്ല. രാവിലെ 11 മണി മുതല്‍ 3 മണി വരെ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണമാണ് ലഭിക്കുക. രണ്ടാം ഘട്ടം പ്രഭാത ,രാത്രി കാല ഭക്ഷണം നല്‍കിത്തുടങ്ങും. ഒരാളും കയ്യില്‍ പണമില്ലാത്തതിനാല്‍ വിശന്നിരിക്കുന്നില്ലെന്നും, കുറഞ്ഞ പൈസ കൊണ്ടും വിശപ്പടക്കാനാവുമെന്നും ഉറപ്പിക്കുന്ന സര്‍ക്കാര്‍ പിന്തുണയോടെയുള്ള നഗരസഭയുടെ ഈ ജനസാന്ത്വന കര്‍മ്മ പദ്ധതിയില്‍ താങ്കള്‍ ഹൃദയത്തില്‍ എല്ലാവരും സഹകരിക്കണമെന്നും

2020 മെയ് 18ന് രാവിലെ 11 മണി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്റെ സേവനം ആവശ്യമുള്ളവരെല്ലാം ഉപയോഗിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News