എംകെ രാഘവന്‍ എംപിയുടെ ഇടപെടല്‍: എച്ച്പിസിഎല്‍ വക 100 ക്വിന്റല്‍ അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക്
പാര്‍ലമെന്റ് മണ്ഡലത്തിലെ 28 പഞ്ചായത്തുകളിലേക്കും രാമനാട്ടുകര, കൊടുവള്ളി, ഫറോക് മുന്‍സിപ്പാലിറ്റികളിലേക്കാണ് അരി നല്‍കിയിരിക്കുന്നത്.
കോഴിക്കോട്: എം കെ രാഘവന്‍ എംപിയുടെ ഇടപെടല്‍ മുഖേന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 ക്വിന്റല്‍ അരി കൈമാറി. എച്ച്പിസിഎല്‍ ഓയില്‍ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് അനുവദിച്ച അരി ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് എംകെ രാഘവന്‍ എംപി കൈമാറി. എച്ച്പിസിഎല്‍ റീജ്യണല്‍ മാനേജര്‍ നവീന്‍കുമാര്‍ എംജി, എച്ച്പിസിഎല്‍ എഞ്ചിനീയറിംഗ് ഓഫിസര്‍ അഭിജിത്ത് കെ നമ്പ്യാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പി ജി പ്രകാശ് എന്നിവരും സന്നിഹിതരായി.
പാര്‍ലമെന്റ് മണ്ഡലത്തിലെ 28 പഞ്ചായത്തുകളിലേക്കും രാമനാട്ടുകര, കൊടുവള്ളി, ഫറോക് മുന്‍സിപ്പാലിറ്റികളിലേക്കാണ് അരി നല്‍കിയിരിക്കുന്നത്.
മുന്‍സിപ്പാലിറ്റികളില്‍ 500 കിലോ അരി വീതവും പഞ്ചായത്തുകളില്‍ 250 കിലോ വീതവുമാണ് നല്‍കുക. കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പറേഷന് 100 ക്വിന്റല്‍ അരി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖേന എം.കെ. രാഘവന്‍ എംപി കൈമാറിയിരുന്നു.
ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തിരമായി 21 ലക്ഷം രൂപ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍, പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയവ വാങ്ങുന്നതിനായി എം.പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.