വിമാനനിരക്ക് ഏകീകരണം: ട്രായ് മോഡല്‍ സംവിധാനം വേണമെന്ന് എം കെ രാഘവന്‍ എംപി

2019 കോണ്‍ഗ്രസിന് അനുകൂലമായി മാറുകയാണ്

Update: 2019-01-24 19:35 GMT

ദമ്മാം: ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള വിമാന കമ്പനികളുടെ നിരക്കിലെ കൊള്ള അവസാനിപ്പിക്കാന്‍ ടിക്കറ്റ് നിരക്ക് ഏകീകരിക്കാനായി ട്രായ് മോഡല്‍ സംവിധാനം വേണമെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. ദമ്മാമില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നിരക്ക് ഏകീകരണം വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. അതുകാരണം വിമാന കമ്പനികള്‍ കൊള്ളയാണ് നടത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ നിരക്ക് ഏകീകരണം മുന്‍ നിര്‍ത്തി ട്രാസ് മോഡല്‍ അതോറിറ്റി സ്ഥാപിക്കാന്‍ ശ്രമിക്കും. ജനങ്ങളുടെ മൃദുല വികാരങ്ങള്‍ ഇളക്കിവിട്ട് വീണ്ടും അധികാരം പിടിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. അതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പടുത്തപ്പോള്‍ രാമക്ഷേത്രം വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നത്. മോദിയെ നേരിടാന്‍ ഇന്ന് ശക്തന്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കുന്നു. രാഹുലിന്റെ ദുബയ് സന്ദര്‍ശനം അത് തന്നെയാണ് വെളിവാക്കുന്നത്. 2019 കോണ്‍ഗ്രസിന് അനുകൂലമായി മാറുകയാണ്. കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ മൂന്നിലും ബിജെപിക്കുണ്ടായ പരാജയം അതാണ് കാണിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷവും മോദി ഭരണപരമായി പരാജയമായിരുന്നു. നോട്ട് നിരോധനം വരുത്തിവച്ച സാമ്പത്തിക ബാധ്യതയില്‍ നിന്നു രാജ്യം ഇനിയും മുക്തമായിട്ടില്ല. സമ്പന്നന്മാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായിരുന്നു നോട്ടുനിരോധനം. ക്യൂവില്‍ നിന്ന് കൊല്ലപ്പെട്ടവര്‍ക്ക് യാതൊരു നഷ്ടപരിഹാരവും ഇനിയും നല്‍കിയിട്ടില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വേദനിപ്പിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കര്‍മ്മ പദ്ധതികള്‍ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News