അടിമാലിയില്‍ ജൂലൈ 31 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തൊടുപുഴയില്‍ വഴിയോര കച്ചവടങ്ങള്‍ക്കും മല്‍സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം
ജൂലൈ 31 വരെ മെഡിക്കല്‍ സ്റ്റോര്‍, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവ രാവിലെ പത്ത് മുതല്‍ അഞ്ചുവരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ സര്‍വീസുകള്‍ ഉണ്ടാവും.
ഇടുക്കി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഗ്രാമപ്പഞ്ചായത്തും വ്യാപരികളും വിവിധ വകുപ്പുകളും അടങ്ങുന്ന സംയുക്തസമിതിയാണ് അടിമാലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ മെഡിക്കല്‍ സ്റ്റോര്‍, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവ രാവിലെ പത്ത് മുതല്‍ അഞ്ചുവരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ സര്‍വീസുകള്‍ ഉണ്ടാവും. ബേക്കറികള്‍ തുറന്നുപ്രവര്‍ത്തിക്കും. മറ്റ് കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും.
സ്വകാര്യബസ് സര്‍വീസുകളും, ഓട്ടോ ടാക്സി സര്‍വീസുകളും 31 വരെയുണ്ടാവില്ല. അനാവശ്യമായുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം അടിമാലി താലൂക്കാശുപത്രിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ലാത്ത കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍ക്കരുതലെന്ന നിലയില്‍ അടിമാലി അടച്ചിടാന്‍ തീരുമാനിച്ചത്. ഈ ദിവസങ്ങളില്‍ സ്വകാര്യബസ്, ടാക്സി വാഹനങ്ങള്‍ തുടങ്ങിയവയോട് ലോക്ക് ഡൗണുമായി സഹകരിക്കണമെന്ന് സംയുക്തസമിതി ആവശ്യപ്പെട്ടിട്ടു. സമീപപ്രദേശങ്ങളായ വെള്ളത്തൂവല്‍, ആനച്ചാല്‍ മൂന്നാര്‍, രാജാക്കാട്, ഇരുമ്പുപാലം തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ടാണ് വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മല്‍സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. തൊടുപുഴ മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.