നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍; മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
നിര്‍ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവശ്യസാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുമ്പ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
ഇടുക്കി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് പതിവായതോടെ മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പോലിസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓരോ വഴികളിലും മണിക്കൂറില്‍ ശരാശരി 150 പേര്‍വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് പോലിസ്, റവന്യൂ, വ്യാപാരികള്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് ജില്ലാ ഭരണകൂടം സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.
നിര്‍ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവശ്യസാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുമ്പ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. അതിനുശേഷം ഏപ്രില്‍ 16 വരെ മെഡിക്കല്‍ സ്റ്റോറും പെട്രോള്‍ പമ്പുകളും ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങളൊന്നും തുറക്കില്ല. നിരോധനാജ്ഞ ഏര്‍പ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറില്‍ തിരക്കിന് കുറവില്ല. പോലിസ് പലതവണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അവശ്യസാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന നിരവധിപേര്‍ പതിവായി പുറത്തിറങ്ങുന്നതും കണക്കിലെടുത്താണ് ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
തോട്ടം തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എസ്റ്റേറ്റുകളിലെ കടകളില്‍നിന്ന് വാങ്ങാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പച്ചക്കറി പോലെ കേടുവരാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കള്‍ രണ്ടുമണിക്ക് മുമ്പ് ടൗണിലെ മാര്‍ക്കറ്റില്‍നിന്ന് ആവശ്യമുള്ള കടകളിലേക്ക് കൊണ്ടുപോവണം. ഇറച്ചിക്കോഴികള്‍ നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം വിറ്റഴിക്കും.