കെ റെയില്‍ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 3.71ലക്ഷം കോടി രൂപയാണ്. 150 ശതമാനമാണ് ഈ കാലയളവില്‍ കടത്തിന്റെ വര്‍ധന.കേരളത്തിലെ ഓരോ കുഞ്ഞിനും 1.34 ലക്ഷത്തിന്റെ ബാധ്യത വരുത്തിവെച്ചിട്ടാണ് പിണറായി വിജയന്‍ ഭരണവാര്‍ഷികം ആഘോഷിക്കുന്നത്

Update: 2022-05-20 10:03 GMT
കെ റെയില്‍ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

കൊച്ചി: ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി പിഎമ്മിന് തന്നെ ബോധ്യമുള്ള പദ്ധതിയാണ് കെ റെയിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമേറ്റെടുത്ത് കമ്മീഷന്‍ തട്ടാനും വികസന വിരുദ്ധരെന്ന തങ്ങളുടെ മുഖമുദ്ര മാറ്റിയെടുക്കാനുമാണ് കെ റെയിലെന്നും പറഞ്ഞ് പിണറായി വിജയനും കൂട്ടരും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 3.71ലക്ഷം കോടി രൂപയാണ്. 150 ശതമാനമാണ് ഈ കാലയളവില്‍ കടത്തിന്റെ വര്‍ധന.കേരളത്തിലെ ഓരോ കുഞ്ഞിനും 1.34 ലക്ഷത്തിന്റെ ബാധ്യത വരുത്തിവെച്ചിട്ടാണ് പിണറായി വിജയന്‍ ഭരണവാര്‍ഷികം ആഘോഷിക്കുന്നത്. കിഫ് ബി വഴി എടുത്ത 70762 കോടിയുടേയും കേരള സോഷ്യല്‍ സെക്യൂരിറ്റീസ് പെന്‍ഷന്‍ ഫണ്ട് വഴി എടുത്ത 8640 കോടിയുടെയും കടം വേറെ. കേന്ദ്രത്തില്‍ നിന്നും റവന്യൂ കമ്മി നികത്താന്‍ ലഭിച്ച തുകയും ജി എസ് ടി കോമ്പന്‍സേഷനും കൊണ്ടാണ് സര്‍ക്കാര്‍ ഇതുവരെ പിടിച്ചു നിന്നത്. ഈ കേന്ദ്രസഹായം നില്‍ക്കുന്നതോടെ കേരളം കരകയറാന്‍ കഴിയാത്ത കടക്കെണിയിലേക്ക് വീഴും.പിണറായി വിജയനും കൂട്ടരും കടമെടുത്ത് ധൂര്‍ത്ത് നടത്തുന്നു,

കേരളം പലിശ കൊടുത്ത് മുടിയുന്നു ഇതാണ് ഇന്നത്തെ അവസ്ഥയെന്നും ശ്രീലങ്കയെക്കാള്‍ ദുരിതത്തിലേക്ക് കേരളം കൂപ്പുകുത്തുമെന്നും രമേശ ചെന്നിത്തല പറഞ്ഞു.തൃക്കാക്കരയില്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും ജാതിയും മതവും തിരിച്ചാണ് വോട്ടര്‍മാരെ കാണുന്നതെന്നും തിരഞ്ഞെടുപ്പിന് ശേഷവും ഈ നാട് നിലനില്‍ക്കണമെന്ന ബോധം സിപി എമ്മിന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല, കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ലെന്നും രമേശ് പരിഹസിച്ചു.മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയാണുള്ളത്.ബിഷപ്പിനെ മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ് എഫ് ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായി വിജയനെ കെ പി സി സി അധ്യക്ഷന്റെ ചെലവില്‍ ആരും വെള്ള പൂശണ്ട.അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. മനസ്സിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന പി ടി തോമസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി.ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ പി സിസി പ്രസിഡന്റിന് എതിരായ കേസെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News