വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളുടെ സിപിഎം ബന്ധം ആയുധമാക്കി കോണ്‍ഗ്രസ്
കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നല്ലെന്ന് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃത്വം. വിവിധ പാര്‍ട്ടികളിലുള്ളവര്‍ പങ്കാളികളായ കുറ്റകൃത്യം എങ്ങനെ രാഷ്ട്രീയ കൊലപാതകമാകുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളില്‍ ചിലരുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടു. പ്രതികളായ സതിമോന്‍, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജ് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ സതി സിഐടിയു ബന്ധമുള്ളയാണെന്നാണ് ആരോപണം. സതിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ സിപിഎം ബന്ധത്തിന് തെളിവായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.
കേസിലെ മറ്റൊരു പ്രതിയും പ്രതികള്‍ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമാണുള്ളത്. എല്‍ഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്ബുക്ക്‌പ്രൊഫൈലാക്കിയിരിക്കുന്നത്. കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസിലെ പ്രതിയായ സംഭവവും കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്. 2019 ജൂലൈയില്‍ ഡിവൈഎഫ്‌ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്. പാങ്ങോട് പോലിസ് രജിസ്റ്റര്‍ ചെയ്ത സി.പി.എം പ്രവര്‍ത്തകനെതിരായ വധശ്രമക്കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയായ മിഥിലാജ് ഒരു വര്‍ഷത്തിനിടെയാണ് ഡിവൈഎഫ്‌ഐയില്‍ എത്തുന്നത്.