സിപിഎം കോട്ട പിടിച്ചെടുത്തു; കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന് ക്രൂരമര്‍ദ്ദനം, കാര്‍ അടിച്ചുതകര്‍ത്തു (വീഡിയോ)

47 വര്‍ഷത്തെ സിപിഎം കുത്തക തകര്‍ത്ത് വാര്‍ഡ് പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം നടന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് മനോഹരനും കോണ്‍ഗ്രസും ആരോപിച്ചു.

Update: 2021-01-14 05:19 GMT


കണ്ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് വാര്‍ഡ് മെംബര്‍ക്ക് ക്രൂരമര്‍ദ്ദനം. കൂടാളി പഞ്ചായത്തിലെ 13ാം വാര്‍ഡിലെ കോണ്‍ഗ്രസ് മെംബര്‍ സി മനോഹരനെയാണ് ഒരുസംഘം മര്‍ദ്ദിച്ചത്. അക്രമത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് മനോഹരനും കോണ്‍ഗ്രസും ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 47 വര്‍ഷത്തെ സിപിഎം കുത്തക തകര്‍ത്ത് വാര്‍ഡ് പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം നടന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. മനോഹരന്റെ കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. മെംബര്‍ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് മനോഹരന്‍ പറഞ്ഞു. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ദുര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മര്‍ദ്ദനമേറ്റ മെംബര്‍ വിമര്‍ശിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണം നടത്തിയത്. റിട്ട. അധ്യാപകനായ തന്നെ ബൈക്കിലെത്തിയ സംഘമാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്. വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ശരീരമാസകലം മര്‍ദ്ദിച്ചു. അവരുടെ കൈയില്‍ സിപിഎമ്മിന്റെ കൊടിയുമുണ്ടായിരുന്നു.


Full View

നിലത്തുവീണ തന്റെ നെഞ്ചിലും ചവിട്ടി. പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ വിജയിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തിട്ടില്ല. പോലിസിന്റെ നടപടിയില്‍ തൃപ്തനല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ നാലുപേരെയാണ് പോലിസ് അറസ്റ്റുചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. ആയുധംകൊണ്ട് ആക്രമിച്ചെന്ന 324ാം വകുപ്പ് മാത്രമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. അഞ്ചുപേര്‍ക്കെതിരേയാണ് മനോഹരന്‍ പരാതി നല്‍കിയത്. ഇനി ഒരാളെക്കൂടി അറസ്റ്റുചെയ്യാനുണ്ട്. അതേസമയം, അക്രമികള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം വ്യക്തമാക്കി.

Tags:    

Similar News