ബിജെപി നേതൃപദവിയിലേക്ക് സുരേഷ് ഗോപിയെയും പരിഗണിക്കുന്നു

തന്റെ തിരക്കുകള്‍ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി പദമേല്‍പ്പിച്ചാല്‍ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നല്‍കി. ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിതായും അറിയുന്നു.

Update: 2019-10-30 05:31 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് നടന്‍ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി സൂചന. ദേശീയ പ്രസിഡന്റ് അമിത് ഷാ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. തന്റെ തിരക്കുകള്‍ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി പദമേല്‍പ്പിച്ചാല്‍ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നല്‍കി. ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിതായും അറിയുന്നു.

പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങള്‍ സജീവമായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. വി മുരളീധര പക്ഷം സുരേന്ദ്രന്റെ പേരാണ് മുന്നോട്ടുവച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എം ടി രമേശിന്റെ പേരും ചര്‍ച്ചയായി. എന്നാല്‍, നിലവിലുള്ള പലനേതാക്കളെയും പരീക്ഷിച്ചിട്ടും ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാത്തതിനാല്‍ ജനപ്രിയനായ ഒരാളെ ആ പദവി ഏല്‍പ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. നേരത്തേ പരിഗണനയിലുണ്ടായിരുന്നവരില്‍ പലരും പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായതിനാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ഒരാള്‍ വേണമെന്ന ആലോചനയും ഉണ്ട്. അപ്രതീക്ഷിതമായി ഡല്‍ഹിയില്‍ മനോജ് തിവാരിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ച പോലെ കേരളത്തിലും ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വളിപ്പിച്ചത്. തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനസ്വാധീനം തെളിയിക്കാന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞുവെന്ന റിപോര്‍ട്ടും പാര്‍ട്ടി നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.

1992 മുതല്‍ ബിജെപിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന പി പി മുകുന്ദന്‍ കുറച്ചു കാലമായി പാര്‍ട്ടിയില്‍ സജീവമല്ല. എങ്കിലും പാര്‍ട്ടിക്കാര്‍ക്കിടയില്‍ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്. ഇപ്പോഴുള്ള എല്ലാ നേതാക്കളും പി പി മുകുന്ദന് കീഴില്‍ വളര്‍ന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിപി മുകുന്ദന്റെ പേര് സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുന്നത്. 

Tags:    

Similar News