പ്രതിഷേധിക്കാനും പഠിപ്പ് മുടക്കാനുമുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌യു അപ്പീല്‍ നല്‍കണം. പ്രതിഷേധിക്കാനും പഠിപ്പ് മുടക്കാനുമുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നത് മതേതര രാജ്യമാണ്. അല്ലാതെ മതാധിഷ്ഠിത രാജ്യമല്ല. നാനാജാതി മതത്തില്‍പ്പെട്ടവര്‍ക്ക് ഇവിടെ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള അവകാശത്തെയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ബിജെപി സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്

Update: 2020-02-26 15:33 GMT

കൊച്ചി:പ്രതിഷേധിക്കാനും പഠിപ്പ് മുടക്കാനുമുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും കലാലയങ്ങളില്‍ പഠിപ്പ് മുടക്കും സമരങ്ങളും വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌യു അപ്പീല്‍ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ' കൊടി അടയാളം ' എന്ന പേരില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ വിദ്യാര്‍ഥി റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാനും പഠിപ്പ് മുടക്കാനുമുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നത് മതേതര രാജ്യമാണ്. അല്ലാതെ മതാധിഷ്ഠിത രാജ്യമല്ല. നാനാജാതി മതത്തില്‍പ്പെട്ടവര്‍ക്ക് ഇവിടെ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള അവകാശത്തെയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ബിജെപി സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്. ഭരണഘടന നിലവില്‍ വന്നതിന് ശേഷം അഞ്ചുതവണ പാര്‍ലമെന്റില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കണക്കാക്കിയിട്ടില്ല. ഭരണഘടനയെ കാറ്റില്‍ പറത്തി, മതേതര മൂല്യങ്ങളെ ചവിട്ടി മെതിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സമൂഹമാണ് ആദ്യം മുന്നോട്ടു വന്നത്.ഇന്ത്യയിലെയും കേരളത്തിലേയും ചെറുപ്പക്കാരുടെ വികാരം ഏറ്റവും മൂര്‍ത്തമായി പ്രതിഫലിച്ചത് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരമുഖത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണ്. പൗരത്വ നിയമ ഭേദഗതി്‌ക്കെതിരെ സമാധനപരമായി നടത്തുന്ന സമരങ്ങളെ നേരിടാന്‍ ആര്‍എസ്എസ് നടത്തുന്ന ഗൂഡശ്രമങ്ങളുടെ പരിണിതഫലമാണ് ഈ അക്രമണങ്ങള്‍.

ഡല്‍ഹി പോലിസ് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയ പ്രസംഗം നടത്തുന്ന കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യാതെ കലാപങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡല്‍ഹിയില്‍ ഇത്രയും വലിയ കലാപം അരങ്ങേറിയിട്ടും 24 മണിക്കൂര്‍ വേണ്ടിവന്നു മുഖ്യമന്ത്രി പിണറായി വിജയന് വായ തുറക്കാനെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. സംസ്ഥനത്ത് സംയുക്ത സമരത്തിന് ആദ്യം ആഹ്വാനം ചെയ്തത് കോണ്‍ഗ്രസാണ്. എന്നാല്‍ ഒരു കൂടിയാലോചന പോലുമില്ലാതെയാണ് മുഖ്യമന്ത്രി മനുഷ്യ ചങ്ങലയ്ക്ക് രൂപം കൊടുത്തത്. ഇത്തരത്തില്‍ ഒരുമിച്ചള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത് മുഖ്യമന്ത്രിയാണ്. സമരത്തിന്റെ ഒറ്റുകാരനാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. മുഖ്യമന്ത്രിയുടെ ഈ വാചകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭയില്‍ ഈ സമരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള വടിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ റോജി എം ജോണ്‍, ടി ജെ വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രി ഡൊമനിക് പ്രസന്റേഷന്‍, കെപിസിസി വൈസ് പ്രസിഡന്റ് കെ പി ധനപാലന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജയ്‌സണ്‍ ജോസഫ്, സക്കീര്‍ ഹുസൈന്‍, ഐ കെ രാജു, എഐസിസി അംഗം ദീപ്തി മേരി വര്‍ഗീസ്, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷി സേവ്യര്‍ സംസാരിച്ചു. 

Tags:    

Similar News