'ഇവിടെ ഒന്നും കിട്ടിയില്ല' : സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ സമരവുമായി കെഎസ്‌യു
യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിനെതിരേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്.
കൊല്ലം: ഉപതിരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കൊല്ലം ഡിസിസി ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരവുമായി കെഎസ്‌യു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കെഎസ്‌യുവില്‍ നിന്നും ആരെയും പരിഗണിച്ചില്ല. ജില്ലാ പ്രസിഡന്റ് വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരുപ്പ് സമരം. യൂത്ത് കോണ്‍ഗ്രസിന് പ്രാതിനിധ്യം ലഭിച്ചത് ഒരു ഡിവിഷനില്‍ മാത്രമാണ്.
നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പരിഗണന ആവശ്യപ്പെട്ട് ഡിസിസി ഓഫിസിനു മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിയിരുന്നത്. സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് ഗ്രൂപ്പ് നേതാക്കള്‍ ചേര്‍ന്നുള്ള സീറ്റ് വീതംവയ്പ്പിലൂടെ ആണെന്നും യുവാക്കളെ തഴയുന്ന കാര്യത്തില്‍ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടാവുന്നു എന്നുമാണ് ആക്ഷേപം. അര്‍ഹമായ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് കെ എസ് യു നേതാക്കള്‍ നേരത്തെ ഡിസിസിക്ക് കത്ത് നല്‍കിയിരുന്നു.
യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിനെതിരേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലും യുവജന സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ല.