ബാബരി ഭുമിയിലെ ക്ഷേത്ര നിര്‍മാണം; സാദിഖലി തങ്ങളുടെ നിലപാട് അപഹാസ്യം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-02-04 16:46 GMT

തിരുവനന്തപുരം: ബാബരി ഭുമിയിലെ ക്ഷേത്ര നിര്‍മാണത്തെ സംബന്ധിച്ച സാദിഖലി തങ്ങളുടെ നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.421 വര്‍ഷം ആരാധാന നടത്തിയ ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തിയതിന് ശേഷമാണ് സംഘപരിവാര്‍ താല്‍പര്യത്തിനനുസരിച്ച് ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തത്. അനധികൃതമായ നിര്‍മ്മാണമാണെന്നും മതനിരപേക്ഷ താല്‍പര്യങ്ങളെ ഹനിക്കുന്ന താല്‍പര്യങ്ങളാണ് ഇതെന്നും ഇന്ത്യയുടെ മതനിരപേക്ഷ സംവിധാനം ഒന്നടങ്കം ഒറ്റ സ്വരത്തില്‍ പറഞ്ഞ കാര്യമാണ്. അത്തരമൊരു ദുഷ്‌കൃത്യത്തെയാണ് മതവിശ്വാസത്തിന്റെയും മതേതരത്വത്തിന്റെയും ഒരു സ്വാഭാവിക സംഗതിയായി അംഗീകരിക്കണമെന്ന നിലയില്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ താല്പര്യമാണെന്നും അത് മതേതരത്വത്തെ ശക്തിപ്പെടുത്തും എന്നുമുള്ള തങ്ങളുടെ പരാമര്‍ശത്തില്‍ സന്തോഷിക്കുന്നത് സംഘപരിവാര്‍ മാത്രമാണ്. പലപ്പോഴും സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായതിന്റെ ശേഷം അത് കൂടുതല്‍ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.

ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം കേരളത്തിലെ പ്രകോപിതരായ മുസ്ലിം സമുദായം എന്തും ചെയ്യുമെന്ന് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കിയിരുന്നു എന്ന് പറയുന്നത് കേരളത്തിലെ മുസ്ലിം സമുദായത്തെ അപമാനിക്കലാണ്. സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള കച്ചവട ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിര്‍ലജ്ജം സംഘപരിവാരിനെ ന്യായീകരിക്കുന്നത്. സംഘപരിവാരിന് കളമൊരുക്കി കൊടുക്കുകയും അവര്‍ക്ക് മാന്യത സൃഷ്ടിച്ച് കൊടുക്കുകയും ചെയ്യുന്ന പ്രവണതയില്‍ നിന്നും സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്മാറിയില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ മുസ്ലിം ലീഗിലെ സാമുദായിക പ്രതിബന്ധതയും മതനിരപേക്ഷിതാ ബോധവുമുള്ളവര്‍ രംഗത്ത് വരേണ്ടതുണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു.




Tags:    

Similar News