രാജ്യവ്യാപകമായ മുസ്ലിം വേട്ടയ്‌ക്കെതിരെ പ്രതിപക്ഷമൗനം അപകടകരം : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-06-28 13:33 GMT

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന മുസ്ലിം വേട്ടയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയുടെ മൗനം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനുശേഷം രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങളും ബുള്‍ഡോസര്‍രാജും വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ അമേരിക്ക പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് നഗരത്തില്‍ മുസ്ലിം പണ്ഡിതന്മാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു.

ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാര്‍ അനുകൂലികള്‍ കലാപം അഴിച്ചുവിട്ടു. ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചുനീക്കി.

ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ അക്ബര്‍ നഗറില്‍ ഒന്‍പത് ദിവസം കൊണ്ട് 1,200-ലധികം കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ന്യൂഡല്‍ഹിയിലെ ഹസ്റത്ത് നിസാമുദ്ദീനിലെ സരായ് കാലെ ഖാനില്‍ സ്ഥിതി ചെയ്യുന്ന ഫൈസിയാബ് മസ്ജിദും മദ്റസയും പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഇത്തരത്തില്‍ കലാപങ്ങളും കൊലപാതകങ്ങളും ഇടിച്ചുനിരത്തലും തുടരുമ്പോഴും മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരരാണെന്നും അവരെ അന്യായമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും പറയാനുള്ള ആര്‍ജ്ജവം പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയോ ഇന്ത്യ മുന്നണിയിലെ നേതാക്കളോ കാണിച്ചിട്ടില്ല. മോദി സര്‍ക്കാരിന്റെ രണ്ടാഴ്ചക്കാലത്തെ ഭരണ വൈകല്യങ്ങളുടെ ലിസ്റ്റില്‍ പോലും കോണ്‍ഗ്രസ് ഈ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍കാലങ്ങളില്‍ നടത്തിയതിനേക്കാള്‍ ഭീരുത്വമാര്‍ന്ന ഒളിച്ചോട്ടമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത്.

ഹിന്ദുത്വ ഭീകരതയുടെ ഇരകളായ മുസ്ലിം മത ന്യൂനപക്ഷങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ മറന്നുകൊണ്ട് വര്‍ഗീയ അതിക്രമങ്ങളോട് സമരസപ്പെടാനുള്ള ഈ സമീപനം അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന വേളയിലും സത്യപ്രതിജ്ഞ ചടങ്ങിലും ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സംസാരിച്ചത്. ആ ഭരണഘടനയോട് നീതിപുലര്‍ത്താന്‍ പ്രതിപക്ഷം തയ്യാറാകണം.

സാമ്പ്രദായിക പാര്‍ട്ടികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് രാഷ്ട്ര സുരക്ഷ തേടുന്നതിനേക്കാള്‍ ഇരകളാക്കപ്പെടുന്ന ജനത രാഷ്ട്രീയമായി മുന്നേറ്റം നടത്തുകയാണ് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഏക പരിഹാരമെന്നും സംഘപരിവാര്‍ ഭീകരതയ്ക്ക് ഇരയായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി ആവശ്യപ്പെട്ടു.






Tags:    

Similar News