ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ അനുമതി: അദാലത്തുകളുടെ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു
നിലം, നഞ്ച, തണ്ണീര്‍ത്തടത്തിന് കലക്ടറുടെ പ്രതിനിധിയുടെ ശുപാര്‍ശ വാങ്ങും. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതെങ്കില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അഭിപ്രായം തേടും.
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതികളില്‍ അദാലത്ത് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വകുപ്പുതല കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണ അനുമതി, കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണം, ഒക്കുപ്പെന്‍സി/കെട്ടിട നമ്പര്‍ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന അപേക്ഷകളില്‍ 10നകം നടപടികള്‍ തീര്‍പ്പാക്കി മൂന്ന് ദിവസത്തിനകം അപേക്ഷകരെ വിവരം അറിയിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ സത്വര നടപടി കൈക്കൊള്ളണം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം ആവശ്യമായ സഹായം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കണം.
2019 മേയ് 31 വരെ ലഭിച്ചതും ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമായ അപേക്ഷകളുടെ വിശദാംശങ്ങള്‍, കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണ അനുമതി, ഒക്കുപ്പെന്‍സി/കെട്ടിട നമ്പര്‍ എന്നിവയ്ക്കുള്ള അപേക്ഷകളുടെ വെവ്വേറെയുള്ള പട്ടിക തയ്യാറാക്കി അഭിപ്രായക്കുറിപ്പ് സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് 11ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ലഭ്യമാക്കണം.
മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമുള്ളവയും അപേക്ഷ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടും മറുപടി ലഭിക്കാത്തതുമായവയുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുന്ന പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരത്തിലുള്ള അപേക്ഷകളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കുന്നതിന് വകുപ്പ്/സ്ഥാപനവുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടെലഫോണ്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെടണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അദാലത്തിനായി കൈമാറുന്ന പട്ടികയില്‍ പരിഗണിക്കേണ്ടതായ അപേക്ഷകള്‍ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അദാലത്തില്‍ പരിഗണിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തി അദാലത്ത് നടത്തേണ്ട തിയതിയും സ്ഥലവും സമയവും നിശ്ചയിക്കണം. ഇതിന്റെ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ അറിയിച്ച് അദാലത്ത് 31നകം നടത്തണം. സെക്രട്ടറിമാര്‍ തിയതി അപേക്ഷകരെ കത്ത് മുഖേന നേരിട്ട് അറിയിച്ച് കൈപ്പറ്റ് പകര്‍പ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.
ഓരോ ജില്ലയിലും അദാലത്ത് നടത്തുന്നത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കണം. അദാലത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും വിപുലമായ പ്രചരണം, പത്രദൃശ്യ മാധ്യമങ്ങളിലൂടെയും നോട്ടീസ്, ബാനര്‍ എന്നിവയിലൂടെയും നടത്തണം. അദാലത്ത് കഴിയുന്നതുവരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസുകളില്‍ പ്രത്യേക സെല്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണം.
അദാലത്തിലേക്ക് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ വെള്ളക്കടലാസില്‍ വിശദാംശങ്ങള്‍, പൂര്‍ണ്ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഗ്രാമപഞ്ചായത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തി 11നകം ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. അദാലത്തില്‍ ജില്ലാ കലക്ടറുടെ പ്രതിനിധി, ജില്ലാ ടൗണ്‍പ്ലാനര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ സാന്നിധ്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തണം.
അദാലത്തില്‍ പരിഗണിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നേരിട്ട് ലഭിക്കുന്നതും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ലഭ്യമാക്കുന്നതുമായ എല്ലാ അപേക്ഷകളിലും അദാലത്തിനു മുമ്പ് ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന നേരിട്ട് സൈറ്റ് പരിശോധന നടത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വസ്തുതാ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം വാങ്ങണം. നേരിട്ടുള്ള സൈറ്റ് പരിാേധനയ്ക്ക് ആവശ്യമാണെങ്കില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയറുടെ സേവനം കൂടി പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അദാലത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാകലക്ടറുടെ പ്രതിനിധിയില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തണം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകളില്‍ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220(ബി) യുടെ ലംഘനം ഉള്ളതായി സംശയമുണ്ടെങ്കില്‍ വിഷയത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് അദാലത്തിന് ശേഷം ഏഴു ദിവസത്തിനകം സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കണം.
അദാലത്തില്‍ പരിഗണിക്കുന്ന കേസുകളില്‍ റവന്യൂ രേഖയില്‍ നിലം, നഞ്ച, തണ്ണീര്‍ത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതാണ് തടസ്സമെങ്കില്‍ അത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ പ്രതിനിധിയുടെ ശുപാര്‍ശ വാങ്ങി തുടര്‍നടപടി കൈക്കൊള്ളണം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അദാലത്തിനായി ലഭിക്കുന്ന എല്ലാ അപേക്ഷകളും സ്വീകരിച്ച് പ്രത്യക നമ്പര്‍ നല്‍കി വിശദ വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അദാലത്ത് ദിവസം തന്നെ അപേക്ഷയില്‍ തീരുമാനം കൈക്കൊള്ളണം. വിവരം അപേക്ഷകരെ നേരിട്ട് അറിയിച്ച് ഒരു പകര്‍പ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂക്ഷിക്കണം. ഹാജരാകാത്ത അപേക്ഷകരെ തപാല്‍ മുഖേനയോ എസ്എംഎസ്. മുഖേനയോ വിവരം അറിയിക്കണം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അദാലത്തിലേക്ക് ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണം. തീരുമാനം അന്നുതന്നെ അപേക്ഷകനെ അറിയിക്കണം. ഗ്രാമപഞ്ചായത്ത് തലത്തില്‍ 10 വരെ തീര്‍പ്പാക്കിയ അപേക്ഷകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 15നകം പെര്‍ഫോര്‍മ രണ്ടിലും അദാലത്തിന് പരിഗണിക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 20നകം പെര്‍ഫോര്‍മ മൂന്നിലും അദാലത്ത് നടത്തിയ വിശദാംശങ്ങള്‍ ആഗസ്ത് എട്ടിനകം പെര്‍ഫോര്‍മ നാലിലും പഞ്ചായത്ത് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.
ശരിയായ കാരണങ്ങളില്ലാതെ ജൂലൈ 31ന് ശേഷം മേയ് 31നോ അതിനുമുമ്പോ ലഭിച്ച കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട ക്രമവൽകരണാനുമതി, ഒക്കുപ്പെന്‍സി/കെട്ടിട നമ്പറിങ് എന്നിവക്കുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാതെ ഗ്രാമപഞ്ചായത്തുകളില്‍ അവശേഷിക്കരുത്.