ഹോം ഡെലിവറി സംവിധാനവുമായി കണ്‍സ്യൂമര്‍ ഫെഡ്;നാളെ മുതല്‍ സേവനം ആരംഭിക്കും
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്‌സ് ആപ്പ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും അഡ്രസ്സും പരിഗണിച്ച് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ആദ്യ ഘട്ടമായി കൊവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലും പിന്നീട് എല്ലാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും
കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും വഴി ഭക്ഷ്യ സാധനങ്ങളും മരുന്നുകളും ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്ന ഹോം ഡെലിവറി സംവിധാനം നാളെ മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്‌സ് ആപ്പ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും അഡ്രസ്സും പരിഗണിച്ച് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.
ആദ്യ ഘട്ടമായി കൊവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലും പിന്നീട് എല്ലാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 47 മൊബൈല്‍ ത്രിവേണി യൂനിറ്റുകള്‍ വിവിധ കണ്ടൈന്‍മെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയ്യാറാക്കി ഗ്രാമീണ മേഖലകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ത്രിവേണികളുടെ സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ വിട്ടു നല്‍കിയാല്‍ അത് ഉപയോഗപ്പെടുത്തി അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. കെ എസ് ആര്‍ ടി സി ബസ്സുകള്‍ വിട്ടു കിട്ടുന്നതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനവും നിയന്ത്രണവും ഭക്ഷ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തിന് ഇടയാക്കിയേക്കാം. ഈ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ പതിനഞ്ച് ഇരട്ടിയോളം സംഭരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് മരുന്നുകളുടെ ഹോം ഡെലിവറി സംവിധാനം ആരംഭിക്കുന്നത്. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരം വീടുകളില്‍ മരുന്നെത്തിക്കും. ഇത് കൂടാതെ പാരസെറ്റമോള്‍, ബി കോംപ്ലക്‌സ് ഗുളിക, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പതിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവന്റീവ് മെഡിക്കല്‍ കിറ്റും , കൊവിഡാനന്തര കിറ്റുകളും ടൗണ്‍ ഷിപ്പുകളില്‍ സീനിയര്‍ സിറ്റിസണിനാവശ്യമായ എല്ലാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ ആഴ്ചയില്‍ തന്നെ ഇത് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ ത്രിവേണി നോട്ട് ബുക്കുകളും മറ്റു പഠനോപകരണങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളും നല്‍കുന്ന കാര്യം പരിഗണനയിലാണ്. വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി ബദ്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ ഡോ.എസ് കെ സനില്‍, വിവിധ വിഭാഗം മാനേജര്‍മാരായ ജി ജിനേഷ്ലാല്‍, കെ വി സാബു, കെ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.