കൊവിഡ്: കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് സംവിധാനം ആരംഭിക്കുന്നു
24 മണിക്കൂറും ലഭ്യമാകുന്ന രീതിയിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം ലഭ്യമാക്കുന്നത്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 8 സോണുകളിലായി (കൊച്ചി 1, 2, പള്ളുരുത്തി ഇടപ്പള്ളി സെന്‍ട്രല്‍ പാലാരിവട്ടം വൈറ്റില പച്ചാളം) ആദ്യഘട്ടത്തില്‍ എട്ടു ഓട്ടോ ആംബുലന്‍സുകളാണ് വിന്യസിക്കുക
കൊച്ചി: കൊവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനുമായി പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും ഒരുക്കിയിട്ടുള്ള ഓട്ടോ ആംബുലന്‍സ് സംവിധാനം കൊച്ചി നഗരത്തില്‍ ആരംഭിക്കുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇന്‍ഡോ - ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജി ഐ ഇസഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സി-ഹെഡ്, കൊറോണ സേഫ് നെറ്റ്വര്‍ക്ക്, ടെക്‌നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
24 മണിക്കൂറും ലഭ്യമാകുന്ന രീതിയിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം ലഭ്യമാക്കുന്നത്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 8 സോണുകളിലായി ( കൊച്ചി 1, 2, പള്ളുരുത്തി ഇടപ്പള്ളി സെന്‍ട്രല്‍ പാലാരിവട്ടം വൈറ്റില പച്ചാളം) ആദ്യഘട്ടത്തില്‍ എട്ടു ഓട്ടോ ആംബുലന്‍സുകളാണ് വിന്യസിക്കുക. ആദ്യഘട്ടം ആംബുലന്‍സ് സംവിധാനത്തിനായി ഉള്ള ഒരു വനിത ഉള്‍പ്പെടെയുള്ള 18 ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി എറണാകുളം ടൗണ്‍ ഹാളില്‍ നടത്തി. രോഗികളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും വൈദ്യ സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ചും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ട്രെയിനിങ് നല്‍കി.
പരിശീലനത്തിനുശേഷം ഇവര്‍ക്കായുള്ള സുരക്ഷാ കിറ്റുകളും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളായ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ക്യാബിന്‍, പള്‍സ് ഓക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഈ 18 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കൈമാറി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ്, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കൈമാറിയത്. ഡോ. വിനീത, സി എസ് പ്രവീണ്‍ ,അമൃത വിജയ് എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.