കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി; പത്രവിതരണക്കാരന് ദാരുണാന്ത്യം

അപകടത്തെത്തുടര്‍ന്ന് ലോറിക്കടിയിലായ യൂസഫ് രണ്ടുമണിക്കൂറോളം കുടുങ്ങിക്കിടന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് യൂസഫിനെ പുറത്തെടുത്തത്.

Update: 2020-11-27 03:44 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂര്‍ വേങ്ങറ സ്വദേശി യൂസഫ് കുഞ്ഞ് (60) ആണ് മരിച്ചത്. സമീപത്ത് നിന്നിരുന്ന ബാദുഷ എന്നയാള്‍ക്ക് പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.

അപകടത്തെത്തുടര്‍ന്ന് ലോറിക്കടിയിലായ യൂസഫ് രണ്ടുമണിക്കൂറോളം കുടുങ്ങിക്കിടന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് യൂസഫിനെ പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട വാഹനം റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞ് കടമുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കടമുറിയുടെ മുന്നില്‍ പത്രക്കെട്ടുകള്‍ വിതരണത്തിനായി തയ്യാറാക്കുന്ന ഏജന്റുമാരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. യൂസഫിന്റെ മേല്‍ വാഹനത്തിന്റെ ടയര്‍ കയറിനില്‍ക്കുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താന്‍ പലവട്ടം ശ്രമിച്ചിട്ടും നടക്കാതായതോടെ പിന്നീട് ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. പുലര്‍ച്ചെയായതിനാലും എതിര്‍വശത്തുനിന്നും വാഹനം വരാതിരുന്നതിനാലും വന്‍ അപകടമാണ് ഒഴിവായത്.

Tags:    

Similar News