കൊറോണ: ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നിവേദനം

വായ്പകള്‍ മുടങ്ങുന്നതുമൂലം ബാങ്കുകളില്‍നിന്നും പ്രത്യേകിച്ച് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പക്കാരുടെ മേല്‍ തിരിച്ചടവിനായി സമ്മര്‍ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം തനിക്ക് ലഭിച്ചിട്ടുണ്ട്.

Update: 2020-03-15 13:07 GMT

മാള: കോറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക, കാര്‍ഷികേതര ബാങ്കുകളില്‍നിന്നും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നുമെടുത്ത വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോറോണ വൈറസിന്റെ ഭീതിയില്‍ സാധാരണ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുകയും ജോലിക്ക് പോവാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം നിലവിലുണ്ട്. കാര്‍ഷിക, കാര്‍ഷികേതര ബാങ്കുകളില്‍നിന്നും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പകള്‍ എടുത്തിരിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

വായ്പകള്‍ മുടങ്ങുന്നതുമൂലം ബാങ്കുകളില്‍നിന്നും പ്രത്യേകിച്ച് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പക്കാരുടെ മേല്‍ തിരിച്ചടവിനായി സമ്മര്‍ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം തനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ബാങ്കുകളില്‍നിന്ന് തിരിച്ചടവിനുള്ള സമ്മര്‍ദം മൂലം കൊള്ളപ്പലിശയ്ക്ക് കടമെടുത്ത് അടയ്‌ക്കേണ്ട സാഹചര്യം വരാനുള്ള സാധ്യതയുമുണ്ട്. ഇത് സാധാരണക്കാരെ വലിയ കടക്കെണിയിലെത്തിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കാണിക്കുന്ന ജാഗ്രതയും പ്രതിരോധമാര്‍ഗങ്ങളും ലോകത്തിനുതന്നെ മാതൃകയാണെന്നും വി ആര്‍ സുനില്‍കുമാര്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

Tags:    

Similar News