സിഒടി നസീര്‍ വധശ്രമം: എ എന്‍ ഷംസീറിനെ ഉടന്‍ അറസ്റ്റ് ചെയ്യുക; കോണ്‍ഗ്രസ് ഇന്ന് ഉപവാസസമരം നടത്തും
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. വധശ്രമത്തിന് പിന്നില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ ആണെന്ന് ആക്രമണത്തിന് പിന്നാലെ സിഒടി നസീര്‍ ആരോപിച്ചിരുന്നു. പോലിസ് മൊഴിയെടുത്തപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കോഴിക്കോട്: സിപിഎം വിമതന്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉപവാസസമരം നടത്തും. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. വധശ്രമത്തിന് പിന്നില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ ആണെന്ന് ആക്രമണത്തിന് പിന്നാലെ സിഒടി നസീര്‍ ആരോപിച്ചിരുന്നു. പോലിസ് മൊഴിയെടുത്തപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും പോലിസ് ഷംസീറിനെ ഇതുവരെയായും ചോദ്യംചെയ്യാന്‍ തയ്യാറായില്ല. ആക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെയായും അന്വേഷണം നടത്തിയിട്ടില്ല. തുടര്‍ന്നാണ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സിഒടി വധശ്രമക്കേസ് അടിയന്തരപ്രമേയമായി പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. എ എന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റുചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസമാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഉപവാസസമരം നടത്തുന്നത്.
അതേസമയം, സിഒടി വധശ്രമക്കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ ഇന്നലെ കണ്ടെടുത്തിരുന്നു. 11 പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസില്‍ അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്. പോലിസ് അന്വേഷിക്കുന്ന മൂന്നുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്. കാവുംഭാഗം സ്വദേശികളായ മിഥുന്‍, വിപിന്‍, ജിതേഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.