കോട്ടയം ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ ഏഴുപേര്‍ക്ക് രോഗബാധ

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33), മകന്‍ (4), സഹോദരന്‍ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരന്‍(38) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

Update: 2020-07-12 12:44 GMT

കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴുപേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചുപേര്‍. ഇവര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ പത്തനംതിട്ട സ്വദേശിയാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33), മകന്‍ (4), സഹോദരന്‍ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരന്‍(38) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഭാര്യയും മകനും സഹോദരനും മണര്‍കാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്.

റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാലുപേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച സ്വകാര്യകമ്പനി ജീവനക്കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി(25)യുടെ പരിശോധനാഫലവും പോസിറ്റീവായി. ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി(34)ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.

നിലവില്‍ ജില്ലയില്‍ 145 പേര്‍ രോഗബാധിതരായി ചികില്‍സയിലുണ്ട്. ഇതുവരെ ആകെ 328 പേര്‍ക്ക് രോഗം ബാധിച്ചു. 183 രോഗമുക്തരായി. കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -30, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-31, പാലാ ജനറല്‍ ആശുപത്രി- 27, , അകലക്കുന്നം പ്രാഥിക പരിചരണകേന്ദ്രം-20, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിശദാംശങ്ങള്‍

1. അബൂദബിയില്‍നിന്നും ജൂണ്‍ 29ന് എത്തി നാലുകോടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി(42). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

2. കുവൈത്തില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(38). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

3. മുംബൈയില്‍നിന്ന് ട്രെയിനില്‍ ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(45). യുകെയില്‍നിന്ന് ജൂണ്‍ 23ന് മുംബൈയിലെത്തിയശേഷം ഏഴുദിവസം അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. മുംബൈയില്‍ നടത്തിയ സാംപിള്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

4. ചെന്നൈയില്‍നിന്ന് ജൂലൈ 10ന് ബസ്സിലെത്തി മാടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പുറം സ്വദേശി(48). രോഗലക്ഷണങ്ങളുണ്ടായിരുന്നു.

5. ഉത്തര്‍പ്രദേശില്‍നിന്നും ജൂണ്‍ 25ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(35). രോഗലക്ഷണങ്ങളില്ലായിരുന്നു. ഒപ്പം യാത്രചെയ്ത് എത്തിയ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

മസ്‌കത്തില്‍നിന്നെത്തി ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശി(38) രോഗമുക്തനായി ആശുപത്രി വിട്ടു.  

Tags:    

Similar News