കൊവിഡ്: മലപ്പുറം ജില്ലയില്‍ 13 പേര്‍ കൂടി രോഗമുക്തരായി; ഇനി ചികില്‍സയിലുള്ളത് 308 പേര്‍
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,654 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 13 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 308 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 708 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,654 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
37,742 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 429 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 348 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 55 പേരും മുട്ടിപ്പാലം പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 18 പേരുമാണ് കഴിയുന്നത്. 34,532 പേര്‍ വീടുകളിലും 2,781 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍നിന്ന് ഇതുവരെ 11,666 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 9,914 പേരുടെ ഫലം ലഭിച്ചു. 9,307 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,752 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധചികില്‍സയ്ക്കുശേഷം 395 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.