കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ 139 പേര്‍;ഇന്ന് 30 പരിശോധന ഫലം നെഗറ്റീവ്

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 16 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 11 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്

Update: 2020-04-23 12:53 GMT

കൊച്ചി:കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളില്‍ നിരീക്ഷത്തിലാക്കിയവരുടെ എണ്ണം എണ്ണം 139 ആയി. ഇതില്‍ 54 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 85 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 16 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 11 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 2 പേരെ ആലുവ ജില്ലാ ആശുപത്രിയിലും, 3 പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്നും 2 പേരെയും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും 2 പേരെയും, സ്വകാര്യ ആശുപത്രികളില്‍ നിന്നും 3 പേരെയും അടക്കം 7 പേരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്നും വിട്ടയച്ചു. നിലവില്‍ 13 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ 2 പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ 2 പേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 7 പേരും നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 26 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 30 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 49 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 23 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലാണുള്ളത്. ഇന്നലെ ഞാറക്കലില്‍ അനധികൃതമായി തമിഴ്‌നാട്ടില്‍ നിന്നും കന്നുകാലികളുമായി എത്തിയ ലോറിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെ 3 ജീവനക്കാരെ 14 ദിവസത്തെ നിരീക്ഷണത്തിനായി തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ച് സാമ്പിള്‍ എടുത്ത ശേഷമാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.ഇന്നലെ കൊച്ചി തുറമുഖത്ത് ഒരു കപ്പലാണ് എത്തിയത്. അതിലെ 27 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ലെന്ന് കണ്ടെത്തി.   

Tags:    

Similar News