കൊവിഡ്-19 : എസ്എല്‍ബിസി പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ബെഫി കേരള ഘടകം
നിര്‍ദ്ദേശങ്ങളിലെ അവ്യക്തത ഓരോ ബാങ്കുകളും ഓരോ തരത്തില്‍ വ്യാഖ്യാനം ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാനുള്ള ശ്രമമാണ് കേരളത്തിലെ ബാങ്കധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്.
കൊച്ചി:കൊവിഡ് 19 വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് ഈ മാസം 18,20 തിയതികളിലായി എസ്എല്‍ബിസി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ കേരളത്തിലെ ബാങ്കുകളില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് എസ്എല്‍ബിസി കേരള കണ്‍വീനര്‍ അജിത് കൃഷ്ണന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.നിര്‍ദ്ദേശങ്ങളിലെ അവ്യക്തത ഓരോ ബാങ്കുകളും ഓരോ തരത്തില്‍ വ്യാഖ്യാനം ചെയ്യുന്നതിനും കാരണമായിട്ടുണ്ട്.
കൊറോണ രോഗം പടര്‍ന്നു പിടിക്കുന്നത് തടയുക എന്ന ലക്ഷൃത്തോടെയാണ് രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രോഗവ്യാപനം ഒരളവുവരെ നിയന്ത്രിക്കാന്‍ സാധ്യമായ കേരളത്തിലെ 10 ജില്ലകളിലുള്‍പ്പടെ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാനുള്ള ശ്രമമാണ് കേരളത്തിലെ ബാങ്കധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. അത് തിരുത്തുന്നതിന് എസ്എല്‍ബിസി യുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളില്‍ 33 ശതമാനം ജീവനക്കാരും റിസര്‍വ്വ് ബാങ്ക് നബാര്‍ഡ് മുതലായ സ്ഥാപനങ്ങളില്‍ 5 ശതമാനം ജീവനക്കാരുമാണ് ജോലിക്ക് ഹാജരാകുന്നത്. ബാങ്കുകളിലും ജോലിക്ക് ഹാജരാകാനുള്ള ജീവനക്കാരുടെ എണ്ണത്തില്‍ നിലനിന്നിരുന്ന രീതി തുടര്‍ന്നു പോകണം.
ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ എസ്എല്‍ബിസി കണ്‍വീനര്‍ സ്ഥാനം വഹിക്കുന്ന കനറാ ബാങ്കില്‍ ഉള്‍പ്പടെ ആദ്യം നല്‍കിയ നിര്‍ദ്ദേശപ്രകാരം 15 ശതമാനം ജീവനക്കാരെ മാത്രമേ വിന്യസിക്കേണ്ടതുള്ളു. 20 ന് സംസ്ഥാന തലസ്ഥാനത്ത്എസ്ബി ഐ യുടെ ലോക്കല്‍ ഹെഡോഫീസില്‍ എല്ലാ ജീവനക്കാരോടും നിര്‍ബന്ധമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ 500 നടുത്ത് ജീവനക്കാരാണ് ഹാജരായത്. മറ്റ് പല ബാങ്കുകളിലെയും അത്തരം കാര്യാലയങ്ങളിലെ ഹാജര്‍ നില നൂറിലേറെയായിരുന്നു. ബാങ്കുകള്‍ക്കുള്ളിലും പൊതു ഇടങ്ങളിലും ശാരീരിക അകലം പാലിക്കുക എന്ന നിലപാടിനെ ഇല്ലാതാക്കുന്നതാണ് ഇത്.
ശാഖകള്‍ക്കുള്ളില്‍ ഒരു സമയം നാല് ഇടപാടുകാര്‍ മാത്രമെന്ന കര്‍ശന നിയന്ത്രണമാണ് നിലവിലുള്ളത്. ആയതിനാല്‍ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ 15 ശതമാനം ജീവനക്കാരും ശാഖകളില്‍ 50 ശതമാനം ജീവനക്കാരും ഒന്നിടവിട്ടോ മൂന്നുദിവസത്തിലൊരിക്കലോ എന്ന നിലയില്‍ ക്രമീകരിക്കണം.പൊതുഗതാഗത സംവിധാനമോ മറ്റ് കച്ചവട സ്ഥാപനങ്ങളോ തുറക്കാത്ത സാഹചര്യത്തില്‍ ഉച്ചക്ക് ശേഷം കാര്യമായ ഇടപാടുകള്‍ നടക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍, ബാങ്കുകളുടെ ഇടപാടുകള്‍ 10 മുതല്‍ 2 വരെ എന്ന് നിജപ്പെടുത്തണം.
ഇടപാടുകാരുടെ വായ്പാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് പണികള്‍ക്കായി ചുവപ്പ്,ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ വൈകിട്ട് 4 വരെ അതിന് വേണ്ട ജീവനക്കാരുടെ സേവനം ഉപയോഗിക്കാം,സ്വന്തമായി വാഹനസൗകര്യമില്ലാത്തവര്‍, ആരോഗ്യപരമായ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍, മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകള്‍ എന്നിവര്‍ ജോലിക്ക് ഹാജരാകുന്നതില്‍ നിന്ന് പൂര്‍ണമായ വിടുതല്‍ നല്‍കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം ആവശ്യപ്പെട്ടു.