മനുഷ്യരുടെ ജീവിത രീതികള്‍ മനുഷ്യ ജീവന് തന്നെ അപകടം വരുത്തുന്നു: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊറോണ വൈറസ് ഓര്‍മിപ്പിക്കുന്നത് വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്റെയും ജീവന്റെ നിലനില്‍പ്പിനുവേണ്ടി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കണമെന്നാണ്.ജീവന്റെ ഒരു സംസ്‌കാരം തന്നെ നാം വളര്‍ത്തിയെടുക്കണം.കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാന്‍ മനുഷ്യന് കഴിയണം.ഭ്രൂണഹത്യ, കൊലപാതകം, കാരുണ്യവധം ഇവയെല്ലാം പ്രതിരോധിക്കേണ്ട വിപത്തുകള്‍
കൊച്ചി: മനുഷ്യരുടെ ജീവിതരീതികള്‍ അന്തരീക്ഷത്തെയും ജലാശയങ്ങളെയും മലിനമാക്കിയും ഭൂമിയുടെ താപനിലയുടെ താളം തെറ്റിച്ചും മനുഷ്യ ജീവിതത്തിനുതന്നെ അപകടം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന്കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈസ്റ്റര്‍ സന്ദേശത്തിലാണ് മാര്‍ ജോര്‍ജ് ആലേെഞ്ചരി ഇങ്ങനെ പറഞ്ഞത്.കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാന്‍ മനുഷ്യന് കഴിയണം.ഭ്രൂണഹത്യ, കൊലപാതകം, കാരുണ്യവധം ഇവയെല്ലാം പ്രതിരോധിക്കേണ്ട വിപത്തുകളല്ലേ? ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെപ്പോലും അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് നിഷ്‌കരുണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അനുവദിക്കുന്ന നിയമവും ആ നിയമമനുസരിച്ചുള്ള കോടതിവിധികളും നമ്മുടെ നാട്ടില്‍പ്പോലും നടപ്പിലായിക്കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
നഗരങ്ങളിലെ അശുദ്ധവായു ശ്വസിച്ച് ശ്വാസകോശ രോഗികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും വിഷവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചും അന്തരീക്ഷം ശുദ്ധികരിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. നദികളെയും പുഴകളെയും കടലിനെയുംപോലും അശുദ്ധമാക്കി മലിനജലം പാനം ചെയ്ത് വൃക്കരോഗികളാകുന്നവര്‍ കൂടി വരികയാണ്. കൊറോണ ബാധയാല്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതില്‍ നമ്മള്‍ പരിഭ്രാന്തരാണ്. എന്നാല്‍ കാന്‍സര്‍ രോഗികളായി മരിച്ചവര്‍ 2018-ല്‍ 96 ലക്ഷമായിരുന്നു. കാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയായി പരിഗണിക്കപ്പെടാത്തതുകൊണ്ട് അതുമൂലമുള്ള മരണത്തിന്റെ ബാഹുല്യം നമ്മെ ആകുലപ്പെടുത്തുന്നില്ല എന്നു മാത്രം. മദ്യപാനം, പുകയിലയുടെ ഉപയോഗം, നിറവും രുചിയും നോക്കി വിശിഷ്ട വിഭവങ്ങളെന്നു കരുതി കഴിക്കുന്ന ഭക്ഷണം ഇവയെല്ലാം കാന്‍സറിന് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും നമ്മുടെ ജീവിതശൈലിയില്‍ ഇവയെല്ലാം പതിവായിത്തീരുന്നു.
വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്റെയും ജീവന്റെ നിലനില്‍പ്പിനുവേണ്ടി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കണമെന്ന് കൊറോണ വൈറസ് ബാധ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജീവന്റെ ഒരു സംസ്‌കാരം തന്നെ നാം വളര്‍ത്തിയെടുക്കണം.ആന്തരികതയില്‍ അടിയുറച്ച ഭൗതികത മാത്രമേ മനുഷ്യസമൂഹത്തിന് രക്ഷനല്‍കുകയുള്ളു. ആത്മീയതയാണ് മനുഷ്യന്റെ ഭൗതികജീവിതത്തെ ജീവസുറ്റതാക്കുന്നത്. നമ്മുടെ ജീവിത രീതികളിലെ തെറ്റായ ശൈലികളില്‍നിന്ന് നമ്മെ നിവര്‍ത്തിപ്പിച്ചുകൊണ്ട് സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളില്‍ നിന്നും നമ്മള്‍ പിന്തിരിയണം. അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കാം. എവിടെയും ജലം ശുദ്ധമായി പരിരക്ഷിക്കാം. സഹോദരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരായി നമ്മള്‍ക്ക് മാറാം.ആരെയും നിര്‍ബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവസഭകള്‍ക്കില്ല.അങ്ങനെ ഉണ്ടാകാനും പാടില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടികാട്ടുന്നു