കൊവിഡ് 19: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളയാര്‍ വരെയും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റൂട്ട് മാപ്പില്‍നിന്ന് വ്യക്തമാവുന്നത്.
ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കി തൊടുപുഴയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവായ ഇയാളുടേത് വിപുലമായ സമ്പര്‍ക്കപട്ടികയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളയാര്‍ വരെയും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റൂട്ട് മാപ്പില്‍നിന്ന് വ്യക്തമാവുന്നത്. ഫെബ്രുവരി 29നാണ് കോവിഡ് സ്ഥിരീകരിച്ച ഇയാള്‍ തിരുവനന്തപുരത്തെത്തുന്നതും സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കുന്നതും.
രാത്രി 10.30 ഓടെ കെഎസ്ആര്‍ടിസി ബസ്സില്‍ ഇടുക്കിയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് വീട്ടില്‍ തങ്ങി. രണ്ടിന് ചെറുതോണിയില്‍നിന്ന് അടിമാലിയില്‍ പോയി ഏകാധ്യാപക സമരത്തില്‍ പങ്കെടുത്തു. മൂന്നിന് ചെറുതോണി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍. മൂന്ന്, അഞ്ച്, ആറ് തിയ്യതികളിലായി കട്ടപ്പനയില്‍ പള്ളിയിലും മുനിസിപ്പാലിറ്റിയിലും സന്ദര്‍ശനം നടത്തി. ഏഴിന് ചെറുതോണി പോലിസ് സ്‌റ്റേഷന്‍ ധര്‍ണയില്‍ പങ്കെടുത്തു.
എട്ടിനാണ് ഷോളയാറിലെത്തിയത്. ഒമ്പതിന് പുലര്‍ച്ചെ 5.30ന് ആലുവ എംഎച്ച് കവല മസ്ജിദിലെത്തിയ ഇയാള്‍ രാവിലെ 9.30ന് കെഎസ്ആര്‍ടിസിയില്‍ ആലുവയില്‍നിന്ന് തൊടുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെത്തി. 10ന് ഇന്ദിരാഭവന്‍. ഡിസിസി യോഗത്തില്‍ പങ്കെടുക്കാനായി തൊടുപുഴയില്‍നിന്ന് ഇടുക്കിയിലേക്ക് സ്വകാര്യവാഹനത്തില്‍ യാത്ര.
വൈകീട്ട് നാല് മുതല്‍ ആറുവരെ ഇടുക്കി പാര്‍ട്ടി ഓഫിസില്‍. പിന്നീട് വീട്ടിലേക്ക്. 10ാം തിയ്യതി ചെറുതോണി പാര്‍ട്ടി ഓഫിസിലും ടൗണിലും പോയി. കെഎസ്ആര്‍ടിസിയില്‍ ആലുവയിലെത്തി അവിടെനിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക്. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും. തിരിച്ച് കെഎസ്ആര്‍ടിസിയില്‍ പെരുമ്പാവൂരിലെത്തി. പെരുമ്പാവൂരില്‍നിന്ന് സ്വകാര്യകാറില്‍ മറയൂരില്‍.
ചെറുവാടി മസ്ജിദില്‍ നമസ്‌കാരം. തുടര്‍ന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം സ്വകാര്യകാറില്‍ മൂന്നാറിലെത്തി. ഐഎന്‍ടിയുസി ഓഫിസും ടാറ്റാ ഹൈ റെയ്ഞ്ച് ആശുപത്രിയിലും സന്ദര്‍ശനം. തിരികെ ചെറുതോണി ടൗണിലെത്തി വീട്ടിലേക്ക്. 16നും 18നും ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. 24ന് ജില്ലാ ആശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കി. 25ന് വീട്ടില്‍ തങ്ങിയശേഷം 26ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. വിപുലമായ സമ്പര്‍ക്ക പട്ടികയാണ് ഇയാള്‍ക്കുള്ളതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതേസമയം, തൊടുപുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. തീരെ നിരുത്തവാദപരമായി പെരുമാറിയ ഇയാള്‍ വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തിനിടെ പിണറായി പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ടെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ തുടങ്ങിയത് തന്നെ.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരെയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍. പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. എല്ലാവരും വളരെ ജാഗ്രതപാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. അതേസമയം, വിദേശബന്ധമില്ലാത്ത ഇദ്ദേഹത്തിന് ആരില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമാവാത്തത് ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ്.