കൊവിഡ് വിവര ശേഖരണം: സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹരജി
ഹരജി നാളെ കോടതി പരിഗണിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്പ്രിംഗ്ലര്‍ ബാംഗ്ലൂര്‍ റീജ്യണല്‍ ഓഫിസിലുള്ള സ്പ്രിംഗ്ലര്‍ കമ്പനി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കരാര്‍ പ്രകാരം ഐടി കമ്പനിയുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി: കൊവിഡ് രോഗ വിവര ശേഖരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹരജി. സേവനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.ബാലു ഗോപാലകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി നാളെ കോടതി പരിഗണിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്പ്രിംഗ്ലര്‍ ബാംഗ്ലൂര്‍ റീജ്യണല്‍ ഓഫിസിലുള്ള സ്പ്രിംഗ്ലര്‍ കമ്പനി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കരാര്‍ പ്രകാരം ഐടി കമ്പനിയുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കു നല്‍കിയിട്ടുള്ള ചികില്‍സയും മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഐടി കമ്പനിയെ തന്നെ ചുമതലയേല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനിയുമായി വിവരശേഖരണത്തിനും സൂക്ഷിക്കലിനും കരാര്‍ വെച്ചതിലൂടെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപിക്കുന്നു.സ്വകാര്യ കമ്പനിക്കെതിരേ വിവരശേഖരണ-സൂക്ഷിക്കല്‍ മോഷണ കുറ്റം ആരോപിച്ച് വിദേശത്ത് കേസ് നിലനില്‍ക്കുന്ന കമ്പനിയാണെന്നും ഹരജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഈ കമ്പനിക്കു നല്‍കിയിട്ടുള്ള ഡേറ്റ ഇന്ത്യന്‍ സെര്‍വറില്‍ സൂക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്പ്രിംഗ്ലര്‍ വഴി വിവരശേഖരണം നടത്തിയതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും വിഷയത്തില്‍ കോടതി അടിയയന്തിരമായി ഇടപെടണമെന്നുമാണ് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംഗ്ലറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു.