കൊവിഡ്-19: മരിച്ച 69 കാരന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിച്ചു

അടുത്ത ബന്ധുക്കള്‍ ആയ 5 പേരും, സന്നദ്ധ പ്രവര്‍ത്തകരായ 5 പേരും, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി 5 പേരും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ട്രിപ്പിള്‍ ലയര്‍ ബാഗില്‍ പൊതിഞ്ഞാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും മൃതശരീരം സംസ്‌കാരത്തിനായി കൈമാറിയത്.മൃതദേഹം 108 ആംബുലന്‍സില്‍ കയറ്റിയത് തൊട്ട് പൂര്‍ണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകള്‍

Update: 2020-03-28 13:27 GMT

കൊച്ചി: കൊവിഡ്-19 രോഗം ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69കാരന്റെ മൃതദേഹം സംസ്‌കരിച്ചു.വൈകുന്നേരം മുന്നു മണിയോടെ മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് സംസ്‌ക്കാരം നടത്തിയത്. അടുത്ത ബന്ധുക്കള്‍ ആയ 5 പേരും, സന്നദ്ധ പ്രവര്‍ത്തകരായ 5 പേരും, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി 5 പേരും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ട്രിപ്പിള്‍ ലയര്‍ ബാഗില്‍ പൊതിഞ്ഞാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും മൃതശരീരം സംസ്‌കാരത്തിനായി കൈമാറിയത്.മൃതദേഹം 108 ആംബുലന്‍സില്‍ കയറ്റിയത് തൊട്ട് പൂര്‍ണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകള്‍.

ആവശ്യമായ കയ്യുറകളും, മാസ്‌കുകളും ധരിച്ചായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാം കൈകാര്യം ചെയ്തത്. മൃതദേഹം സ്പര്‍ശിക്കുന്നത് ഒഴിച്ച് മതാചാര പ്രകാരമുള്ള ചടങ്ങുകളും നടത്തുന്നതിന് ഇത്തരം സാഹചര്യങ്ങളില്‍ തടസ്സമില്ല.ഈ മാസം 21 നാണ് ഇദ്ദേഹം ദുബായില്‍ നിന്നെത്തിയത്.തുടര്‍ന്ന് കടുത്ത ന്യൂമോണിയയുടെ ലക്ഷണങ്ങളുമായി 22 ന് എറണാകുളത്തെ കൊവിഡ്-19 ചികില്‍സാ കേന്ദ്രമായ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ചികില്‍സയിലായിരുന്ന ഇദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചത്.

 ഇദ്ദേഹം സഞ്ചരിച്ച ദുബായില്‍നിന്നുള്ള വിമാനത്തില്‍ 148 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 34 പേരാണ് എറണാകുളം സ്വദേശികള്‍. വിമാനത്തിലുള്ള എറണാകുളം സ്വദേശികളായ 34 പേരുള്‍പ്പെടെ 83 പേരാണ് മരണപ്പെട്ടയാളുമായി ബന്ധപ്പെട്ട് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇവരെല്ലാവരും തന്നെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യയും, സമ്പര്‍ക്കത്തില്‍ വന്ന ഡ്രൈവറും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

Tags:    

Similar News