കൊവിഡ് പ്രതിരോധം: സ്വകാര്യ ആരോഗ്യമേഖലയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫിക്കി വെബിനാര്‍

കൊവിഡ് മഹാമാരിക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടം ആരോഗ്യമേഖലക്കുള്ള ജി ഡി പി വിഹിതം ഗണ്യമായി വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണെന്ന് ആയുഷ് ഭാരത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഇന്ദു ഭൂഷണ്‍

Update: 2020-05-02 07:08 GMT

കൊച്ചി:ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം കൊവിഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കാന്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് ആയുഷ് ഭാരത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഇന്ദു ഭൂഷണ്‍. കൊവിഡ് -19 സ്വകാര്യ ആരോഗ്യമേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ്് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള ഘടകം സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കൊവിഡ് മഹാമാരിക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടം ആരോഗ്യമേഖലക്കുള്ള ജി ഡി പി വിഹിതം ഗണ്യമായി വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ്. നിലവില്‍ ജി ഡി പിയുടെ 1.25 ശതമാനമാണ് ആരോഗ്യമേഖലക്കായി മാറ്റിവെക്കുന്നത്. ഇനിയുള്ള വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി വര്‍ധിപ്പിക്കേണ്ടതായി വരും. കൊവിഡ് പ്രതിരോധത്തില്‍ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഡോ. ഇന്ദു ഭൂഷണ്‍ പറഞ്ഞു.

ടെലി മെഡിസിന്‍, വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ നൂതന മാര്‍ഗങ്ങളിലൂടെ കൊവിഡ് പ്രതിരോധത്തിനുള്ള സാധ്യതകള്‍ സ്വകാര്യ ആശുപത്രികള്‍ പ്രയോജനപ്പെടുത്തണം. മാതൃകാപരമായ ഇടപെടലുകളിലൂടെ കൊവിഡ് മഹാമാരിയെ കേരളം തടഞ്ഞു നിര്‍ത്തിയത് ഭാവിയില്‍ ഒരു കേസ് സ്റ്റഡിയായി എടുക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൊവിഡ് ബാധിതര്‍ക്ക് രോഗപ്രതിരോധത്തിനും രോഗസാധ്യതയുള്ളവരില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ആയുഷ് മേഖലക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് കേരള ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ സ്വകാര്യ ആരോഗ്യമേഖലയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെബിനാര്‍ ആവശ്യപ്പെട്ടു. ലോക് ഡൗണിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തുന്ന കൊവിഡ് സാധ്യതയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്നും സ്വകാര്യ ആശുപത്രികളുടെ സേവനം ഇതിനായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു. കോവിഡ് റാന്‍ഡം ടെസ്റ്റിന് കൂടുതല്‍ അക്രെഡിറ്റഡ് ലബോറട്ടറികള്‍ക്ക് അനുമതി നല്‍കണം.

ലക്ഷക്കണക്കിനാളുകളെ പരിശോധിക്കുന്നതിന് ഇത് സഹായകമാകുമെന്ന് വെബിനാര്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ജി വിജയരാഘവന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ ജി അലക്സാണ്ടര്‍, ഏണസ്റ്റ് ആന്റ് യങ് ഹെല്‍ത്ത് കെയര്‍ പാര്‍ട്ടണര്‍ കല്‍വാന്‍ മൊവദുള്ള,ഫിക്കി കേരള സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു സംസാരിച്ചു.ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള മോഡറേറ്ററായിരുന്നു.   

Tags:    

Similar News