കൊവിഡ് : സാമ്പത്തിക സഹായം ആവശ്യമായ അഭിഭാഷകര്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് സഹായധനം നല്‍കുന്നതിന് ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ബാര്‍ കൗണ്‍സില്‍ കോടതിയില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ബോധ്യപ്പെടുത്തിയത്.

Update: 2020-04-17 14:45 GMT

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ആവശ്യമായ അഭിഭാഷകര്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് സഹായധനം നല്‍കുന്നതിന് ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ബാര്‍ കൗണ്‍സില്‍ കോടതിയില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ബോധ്യപ്പെടുത്തിയത്. ബാര്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഷായും അഡ്വ.അബൂ സിദ്ദീക്കും നല്‍കിയ ഹരജിയില്‍ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ജോസ് ഉള്‍പ്പെടെയുള്ളവരെ കോടതി കക്ഷികളാക്കി.

കേരള ബാര്‍ കൗണ്‍സില്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പിരിച്ചെടുത്തു ശേഖരിക്കുന്ന ഒരു കോടി രൂപയുടെ ഫണ്ട് അഭിഭാഷകര്‍ക്ക് നല്‍കുന്നതിനായി വകയിരുത്താനാണ് ശ്രമിക്കുന്നതെന്നും ബാര്‍ കൗണ്‍സില്‍ ബോധിപ്പിച്ചു. അഭിഭാഷക പട്ടികയിലെ അര ലക്ഷത്തിലധികം അഭിഭാഷകര്‍ക്ക് വകയിരുത്തിയ തുക അപര്യാപ്തമാണെന്നും ചുരുങ്ങിയത് 10 കോടിയെങ്കിലും ആവശ്യമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. വാദം കേള്‍ക്കുന്നിനിടയില്‍ ബാക്കിസംഖ്യ എവിടുന്ന് കണ്ടെത്തുമെന്ന് കോടതി ആരാഞ്ഞപ്പോഴാണ് അഭിഭാഷകര്‍ക്കെല്ലാം സഹായം ലഭ്യമാകുന്ന വിധത്തില്‍ ആവശ്യമായ തുക കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പു നല്‍കിയത്. കേസ് മെയ് 18 ലേക്ക് പരിഗണിക്കാനായിമാറ്റി. വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്ന എല്ലാ അഭിഭാഷകര്‍ക്കും ധനസഹായം നല്‍കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. 

Tags:    

Similar News