കോവിഡ്-19: മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി

മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെയൊക്കെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു. മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണം. കോവിഡ് പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.

Update: 2020-03-17 14:01 GMT

കൊച്ചി: കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബ്രിഗേഡ് എന്ന അഭിഭാഷക സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ജില്ലാ കലക്ടര്‍, ഐ.എം.എ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെയൊക്കെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു. മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണം.

കോവിഡ് പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. ആളുകള്‍ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം എന്ന് ഉത്തരവ് നിലവില്‍ ഇടാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തു സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹരജി നാളെ 1.45 ന് വീണ്ടും പരിഗണിക്കും.  

Tags:    

Similar News