കൊവിഡിനെ പ്രതിരോധിക്കാന്‍ 'കര്‍മി' റോബോട്ട്; രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കും

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍

Update: 2020-04-25 09:10 GMT

കൊച്ചി: കൊവിഡ് -19 രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയ്ക്ക് കളമൊരുങ്ങുന്നു. കൊവിഡ് ബാധിച്ച രോഗികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരിക്കുന്നതിനായി വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സാണ് കര്‍മിബോട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്വയംപര്യാപ്തമായ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍.


രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ചിട്ടപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ചെയ്യാന്‍ റോബോട്ടിന് സാധിക്കും. 25 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോബോട്ടിന് സെക്കന്റില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യുവി) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മ്മി ബോട്ടിന്റെ പ്രത്യേകതയാണ്.ഓട്ടോമാറ്റിക് ചാര്‍ജിംഗ് ,സ്പര്‍ശന രഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെശേഷി വര്‍ധിപ്പിക്കാനും നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ടി ജയകൃഷ്ണന്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന് റോബോട്ട് കൈമാറി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബോട്ട് കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കുന്നതിനായി കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ചടങ്ങില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ആര്‍.എം. ഒ ഡോ. ഗണേഷ് മോഹന്‍, ഡോ. മനോജ് ആന്റണി, എന്നിവര്‍ സന്നിഹിതരായിരുന്നു. 

Tags:    

Similar News