എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന്

യുവാവിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗലക്ഷണം കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തെ അന്ന് തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Update: 2020-05-09 12:17 GMT

കൊച്ചി: ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസ്സുള്ള യുവാവിന്. മലപ്പുറം സ്വദേശിയായ ഈ യുവാവിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗലക്ഷണം കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തെ അന്ന് തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇന്ന് 556 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 92 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1284 ആയി. ഇതില്‍ 47 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1237 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 3 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആണ്.ഇന്ന് ജില്ലയില്‍ നിന്നും 46 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 53 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 47 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 49 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ ലംഖിച്ച് പ്രവര്‍ത്തിച്ച 3 സ്ഥാപങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളായ ഗവണ്‍മെന്റ്് ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളജ് ഹോസ്റ്റല്‍ ,പാലിശ്ശേരി സിഎംസ് ഹോസ്റ്റല്‍ ,മുട്ടം സി എംസ് ഹോസ്റ്റല്‍, കളമശ്ശേരി ജ്യോതി ഭവന്‍, മൂവാറ്റുപുഴ നെസ്റ്റ് എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ 20 പേരും നിരീക്ഷണത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News