ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു

മാര്‍ക്കറ്റിലേയ്ക്കുള്ള മറ്റ് വഴികള്‍ അടച്ച് ഒരു വഴിയിലൂടെ മാത്രം പ്രവേശനം ഏര്‍പ്പെടുത്തി അവിടെ ടണല്‍ സ്ഥാപിക്കുകയായിരുന്നു.

Update: 2020-04-10 11:21 GMT

തൃശൂര്‍: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ മാര്‍ക്കറ്റില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു. ഈസ്റ്ററും വിഷുവുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ടണല്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൊവിഡ് പ്രതിരോധ അവലോക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നത്.

മാര്‍ക്കറ്റിലേയ്ക്കുള്ള മറ്റ് വഴികള്‍ അടച്ച് ഒരു വഴിയിലൂടെ മാത്രം പ്രവേശനം ഏര്‍പ്പെടുത്തി അവിടെ ടണല്‍ സ്ഥാപിക്കുകയായിരുന്നു. ടണലില്‍ ഘടിപ്പിച്ചിരിക്കുന്ന 12 ഫോഗറുകളിലൂടെ അണുനശീകരണ ലായനി സ്പ്രേ ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടണല്‍ ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ സാങ്കേതിക സഹായത്തോടെ ആകെ ഇരുപതിനായിരം രൂപ ചിലവിലാണ് നിര്‍മിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അണുനശീകരണ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സെക്രട്ടറി കെ. എസ് അരുണ്‍, ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, സി ഐ എം.ജെ. ജിജോ, ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്യേക്കര, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ജനമൈത്രി പോലിസ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു





Tags:    

Similar News