എറണാകുളം ജില്ലയില്‍ 24 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണം; ജനങ്ങള്‍ മാസ്‌ക് ധരിക്കണം, ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും

ഹോട്ട്‌സ്‌പോട്ടുകളായ കൊച്ചി നഗരം, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര തടയും.ഏപ്രില്‍ 24 ന് ശേഷവും ഹോട്സ്പോട്ടുകളായ കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക് ഡൗണ്‍ തുടരും.ബാരിക്കേഡുകളും പോലിസ് ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും.ഇരുചക്ര വാഹനങ്ങളില്‍ ലോക്ക് ഡൗണിനു ശേഷവും കുടുംബാംഗങ്ങള്‍ മാത്രമെ ഒന്നിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി

Update: 2020-04-20 10:08 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക് ഡൗണ്‍ 24 വരെ കര്‍ശനമായി തുടരുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ പോലിസ് നടപടി തുടരുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഹോട്ട്‌സ്‌പോട്ടുകളായ കൊച്ചി നഗരം, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര തടയുമെന്നും മന്ത്രി വ്യക്തമാക്കി.ഏപ്രില്‍ 24 ന് ശേഷവും ഹോട്സ്പോട്ടുകളായ കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക് ഡൗണ്‍ തുടരും.ഹോട്സ്പോട്ട് മേഖലയില്‍ പ്രവേശനം രണ്ട് എന്‍ട്രി, എക്സിറ്റ് പോയിന്റുകളായി നിജപ്പെടുത്തും. ഹോട്സ്പോട്ടുകളിലേക്ക് ആവശ്യ സേവനങ്ങള്‍ ഒഴികെയുള്ള യാത്ര അനുവദിക്കില്ല.

ബാരിക്കേഡുകളും പോലിസ് ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും.ഇരുചക്ര വാഹനങ്ങളില്‍ ലോക്ക് ഡൗണിനു ശേഷവും കുടുംബാംഗങ്ങള്‍ മാത്രമെ ഒന്നിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. പുറത്തിറങ്ങുന്നവര്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. തുവാലകളോ വീടുകളില്‍ നിര്‍മിച്ച മാസ്‌കുകളോ ഡിസ്പോസബിള്‍ മാസ്‌കുകളോ ഉപയോഗിക്കാം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 24 നു മുമ്പായി വീടും പരിസരവും ലോക്ക് ഡൗണ്‍ നിബന്ധനകള്‍ക്ക് വിധേയമായി ശുചീകരണം നടത്തണം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതു വരെ നേടിയ നേട്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഒന്നും തന്നെ ജില്ലയില്‍ അനുവദിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ ആയിട്ടില്ലെങ്കിലും വിമാനത്താവളം തുറന്നതിനു ശേഷമുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ നാളെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ജില്ലാ കലക്ടര്‍ എസ് സുഹാസ്, എസ് പി കെ കാര്‍ത്തിക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ കെ കുട്ടപ്പന്‍, ഡി സി പി ജി. പൂങ്കുഴലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News