കൊവിഡ്-19 : കേരളത്തില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോയി
കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെടുമ്പാശേരിയില്‍ എത്തിച്ചു. ഫ്രഞ്ച് എംബസി ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ 8.00 മണിയോടെ ഇവരെയുമായി പാരീസിലേക്ക് തിരിച്ചു. ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയവരില്‍ 3 വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്് ഡൗണില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് മടക്കിക്കൊണ്ടുപോയി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെടുമ്പാശേരിയില്‍ എത്തിച്ചു. ഫ്രഞ്ച് എംബസി ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ 8.00 മണിയോടെ ഇവരെയുമായി പാരീസിലേക്ക് തിരിച്ചു.
ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയവരില്‍ 3 വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്.വിനോദ സഞ്ചാരികളും, ആയുര്‍വേദ ചികിത്സക്കെത്തിയവരുമാണ് എല്ലാവരും.ഫ്രഞ്ച് എംബസിയില്‍ നിന്നും വിദേശ കാര്യ വകുപ്പില്‍ നിന്നും ആവശ്യമെത്തിയതോടെ പോലിസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് ഇവരെ എല്ലാവരെയും പ്രത്യേക വാഹനങ്ങളിലായി നെടുമ്പാശേരിയില്‍ എത്തിച്ചു.തുടര്‍ന്ന് ആരോഗ്യ വകുപ്പ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഇവരുടെ എല്ലാവരുടെയും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയിക്കിയിരുന്നു.
തങ്ങളുടെ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂറുകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറ്റി വിട്ടതിന് സംസ്ഥാന സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി പറയുന്നതായി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ കാതറിന്‍ പറഞ്ഞു. അതേ സമയം 5300 പേര്‍ മരിച്ച ഫ്രാന്‍സിനെക്കാള്‍ ഇവിടമാണ് സുരക്ഷിതമെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരന്‍മാര്‍ ഇനിയും കേരളത്തിലുണ്ട്. ഇവരെക്കൂടാതെ യു കെ ,യു എസ് എന്നീ രാജ്യങ്ങളിലെ 200 ഓളം പൗരന്‍മാരും റഷ്യയില്‍ നിന്നുള്ള നൂറില്‍ താഴെ പൗരന്മാരും സംസ്ഥാനത്തുണ്ട്.