കൊവിഡ്-19: ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 213 പേര്‍ കൂടി അറസ്റ്റില്‍;144 വാഹനങ്ങള്‍ പിടിച്ചു
ലോക്ക് ഡൗണിന്റെ മറവില്‍ വ്യാജചാരായം നിര്‍മിച്ചതിന് തോപ്പും പടിയില്‍ മൂന്നംഗ സംഘവും കഞ്ചാവ് വില്‍പന നടത്തിയതിന് കടവന്ത്രയില്‍ യുവാവും അറസ്റ്റിലായി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം റൂറലില്‍.
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഇന്ന് 213 പേരെ അറസ്റ്റു ചെയ്തു.144 വാഹനങ്ങള്‍ പിടിചെടുത്തു.218 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.എറ്റവും കൂടുതല്‍ പേരെ അറസ്റ്റു ചെയ്തതും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും എറണാകു റൂറല്‍ ജില്ലയിലാണ്.175 കേസുകളാണ് റൂറലില്‍ മാത്രമായി ഇന്ന് രജിസ്റ്റര്‍ ചെയ്തത്. 158 പേരെ അറസ്റ്റ് ചെയ്തു. 112 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 3988 പേര്‍ക്കെതിരെ റൂറല്‍ ജില്ലയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.3824 പേരെ അറസ്റ്റ് ചെയ്തു. 2432 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ ലംഘനത്തിന് കൊച്ചി സിറ്റിയില്‍ ഇന്ന് 43 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.55 പേരെ അറസ്റ്റു ചെയ്തു.32 വാഹനങ്ങള്‍ പിടിച്ചെടുത്തതായും കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് അറിയിച്ചു.തോപ്പുംപടി,രാമേശ്വരം, മൂലംകുടിയില്‍ വ്യാജ ചാരായം നിര്‍മിച്ച കേസില്‍ മൂന്നു പേരെയും പോലിസ് അറസ്റ്റു ചെയ്തു.മൂലംകുടി സ്വദേശി അരുണ്‍കുമാര്‍(26),തോപ്പുംപടി സ്വദേശി നവീന്‍ ജോണ്‍(26), മുണ്ടന്‍വേലി സ്വദേശി വിപിന്‍ ജോസഫ്(26) എന്നിവരെയാണ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് കോടകെട്ടിയായിരുന്നു സംഘം വ്യാജ ചാരായം നിര്‍മിച്ചിരുന്നതെന്ന് പോലിസ് വ്യക്തമാക്കി.കടവന്ത്രയില്‍ കഞ്ചാവുമായി യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. കമ്മട്ടിപാടം സ്റ്റാര്‍ ഹോംസ് ഫ്‌ളാറ്റിനു സമീപം വെച്ചാണ് കണ്ണൂര്‍ വളപട്ടണം സ്വദേശി കെ വി ആഷിക്ക്(28) നെ 120 ഗ്രാം കഞ്ചാവുമായി പോലിസ് അറസ്റ്റു ചെയ്തത്.