കൊവിഡ്-19: പൃഥിരാജ്,ബ്ലെസി അടക്കമുള്ള സിനിമാ സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍

വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

Update: 2020-04-01 08:15 GMT

കൊച്ചി: ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിനായി പോയി കുടുങ്ങികിടക്കുന്ന നടന്‍ പൃഥിരാജ്, സംവിധായകന്‍ ബ്ലെസി അടക്കമുള്ള 58 അംഗ സിനിമാ സംഘത്തെ നിലവിലെ സാഹചര്യത്തില്‍ തിരികെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും എ കെ ബാലന്‍ പറഞ്ഞു.വാര്‍ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു.

ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്റെറ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. രാജ്യാന്തര വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. 

Tags:    

Similar News