മാസ്‌ക്ക് ഒന്നിന് കൂലി ഒരു രൂപ; വിദ്യാര്‍ഥിനി തുന്നി സമ്പാദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
ലോക്ക് ഡൗണ്‍ കാലത്ത് മാസ്‌ക്ക് നിര്‍മിച്ച് സമ്പാദിച്ച 1000 രൂപ മകള്‍ ദിയ മറിയ മേച്ചേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.തേവര എസ്എച്ച് കോളേജില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് ദിയ മറിയ മേച്ചേരി. പാലാരിവട്ടം ശാന്തിപുരം റോഡിലാണ് ദിയയും കുടുംബവും താമസിക്കുന്നത്.
കൊച്ചി:സ്വന്തമായി തയ്യല്‍ യൂനിറ്റ് നടത്തുന്ന അച്ഛനെ മാസ്‌ക്ക് നിര്‍മാണത്തിന് സഹായിച്ച മകള്‍ക്ക് മാസ്‌ക്ക് ഒന്നിന് അച്ഛന്‍ നല്‍കിയ കൂലി 1 രൂപ. ലോക്ക് ഡൗണ്‍ കാലത്ത് മാസ്‌ക്ക് നിര്‍മിച്ച് സമ്പാദിച്ച 1000 രൂപ മകള്‍ ദിയ മറിയ മേച്ചേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് അച്ഛന്‍ ജോസ് മേച്ചേരിക്ക് അഭിമാന നിമിഷം.തേവര എസ്എച്ച് കോളേജില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് ദിയ മറിയ മേച്ചേരി. പാലാരിവട്ടം ശാന്തിപുരം റോഡിലാണ് ദിയയും കുടുംബവും താമസിക്കുന്നത്. കോവിഡ് ഭീതിയിലായതോടെ പ്ലസ് ടു പരീക്ഷ മാറ്റിവച്ചു. സുഹൃത്തുക്കളില്‍ പലരും വിദേശ രാജ്യങ്ങളിലുണ്ട്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാനായിരുന്നു ദിയയുടെ ആഗ്രഹം.
ഐഇഎല്‍റ്റിഎസ് പരീക്ഷ എഴുതി വിദേശത്തേക്ക് പോകാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുകയായിരുന്നു ദിയ. ലോക്ക് ഡൗണ്‍ ആയപ്പോള്‍ മാസ്‌ക്ക് നിര്‍മാണത്തിന്റെ ആവശ്യകത മനസിലാക്കി അച്ഛന്റെ കൂടെ കൂടി. സഹായത്തിന് 1 രൂപ വീതം കൂലി തരാമെന്ന് അച്ഛന്‍ തമാശയ്ക്ക് പറഞ്ഞു. സംഗതി ഗൗരവമായെടുത്ത് ദിയ മാസ്‌ക്ക് നിര്‍മാണത്തില്‍ മുഴുകി. അമ്മ മറിയയും ഫുള്‍ സപ്പോര്‍ട്ട് നല്‍കിയതോടെ മാസ്‌ക്ക് നിര്‍മിച്ച് സമ്പാദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഫെര്‍ണാണ്ടസ് എം എല്‍ എ യ്ക്ക് കൈമാറി.കൊവിഡ് കാലവും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമെടുക്കാന്‍ കാരണമായെന്നാണ് ദിയ പറയുന്നത്. ഉപരിപഠനത്തിനായി ഇനി വിദേശത്തേക്കില്ല. കേരളമാണ് ഏറ്റവും സുരക്ഷിതവും നേതൃത്വ പാഠവമുള്ള സ്ഥലം. കേരള
ത്തില്‍ തന്നെ മതി ഉപരിപഠനമെന്നും ദിയ പറയുന്നു.സുഹൃത്തുക്കളില്‍ പലരും വിദേശത്ത് വീടുകളില്‍ നിരീക്ഷണത്തിലാണ്. അവര്‍ക്ക് വീടുകളിലിരുന്ന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു.ഇത്രയേറെ കരുതലോടെ ജനങ്ങളെ കാക്കുന്ന കേരളത്തെ വിട്ടു പോകാന്‍ മനസു വരുന്നില്ല. കേരളത്തിന്റെ കരുതല്‍ കണ്ടില്ലെന്ന് നടിക്കാനുമാവുന്നില്ല. അതു കൊണ്ടാണ് തന്നാല്‍ കഴിയുന്നത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.മാസ്‌ക്ക് നിര്‍മിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതറിഞ്ഞ സഹപാഠികളും അദ്ധ്യാപകരും പിന്തുണ അറിയിച്ചെന്നും തേവര എസ് എച്ച് കോളേജില്‍ തന്നെ ബിരുദം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദിയ പറയുന്നു.