കൊവിഡ്-19; രോഗവ്യാപനമുണ്ടായാല്‍ നേരിടേണ്ടതെങ്ങനെ; എറണാകുളത്ത് ആദ്യഘട്ട മോക് ഡ്രില്‍
പഞ്ചായത്തുകളില്‍ ഹാളുകളിലും സ്‌കൂളുകളിലുമായി ക്രമീകരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് വീടുകളില്‍ നിന്നും രോഗികളെ എത്തിച്ച് ചികില്‍സയില്‍ പ്രവേശിപ്പിക്കുന്നതിന്റെ മോക് ഡ്രില്ലാണ് നടത്തിയത്. ചേരാനല്ലൂര്‍ പഞ്ചായത്തിലെ പാരിഷ് ഹാളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്റര്‍, ഐഎംഎ ഹൗസിലെ വാര്‍ റൂം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കിയായിരുന്നു ഡ്രില്‍
കൊച്ചി: കൊവിഡ് രോഗവ്യാപനമുണ്ടായാല്‍ അടിയന്തരമായി നടപ്പാക്കുന്ന സമഗ്രപദ്ധതിയുടെ ആദ്യഘട്ട മോക് ഡ്രില്‍ എറണാകുളത്ത് നടത്തി.പഞ്ചായത്തുകളില്‍ ഹാളുകളിലും സ്‌കൂളുകളിലുമായി ക്രമീകരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളിലേക്ക് വീടുകളില്‍ നിന്നും രോഗികളെ എത്തിച്ച് ചികില്‍സയില്‍ പ്രവേശിപ്പിക്കുന്നതിന്റെ മോക് ഡ്രില്ലാണ് നടത്തിയത്. ചേരാനല്ലൂര്‍ പഞ്ചായത്തിലെ പാരിഷ് ഹാളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഐഎംഎ ഹൗസിലെ വാര്‍ റൂം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കിയായിരുന്നു ഡ്രില്‍. ചേരാനല്ലൂരിലെ മാതൃകയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി വരികയാണ്.
ജില്ലയില്‍ പൊതു, സ്വകാര്യ മേഖലയിലുള്ള ആശുപത്രികള്‍, ആംബുലന്‍സുകള്‍, അനുബന്ധ ചികില്‍സാ സംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ സമാഹരിച്ച് തയാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴിയാണ് മോക് ഡ്രില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. രോഗവിവരം ലഭിച്ചാലുടന്‍ സ്ഥലത്തെത്തി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രോഗിയെ സുരക്ഷിതമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാക്കുന്ന പ്രവര്‍ത്തനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് മോക്ക് ഡ്രില്ലില്‍ വ്യക്തമായി.രോഗബാധ സംശയിക്കുന്നവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിക്കുന്നതായിരുന്നു ആദ്യ നടപടി.
രോഗലക്ഷണങ്ങള്‍ ഫോണില്‍ കേള്‍ക്കുന്ന മെഡിക്കല്‍ ഓഫിസര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നു. രണ്ടു ദിവസത്തിനു ശേഷവും സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ രോഗി വീണ്ടും ആരോഗ്യകേന്ദ്രത്തില്‍ വിളിക്കുന്നു. മെഡിക്കല്‍ ഓഫിസര്‍ ടെലി ഹെല്‍പ്പ് ലൈനില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് രോഗിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്റ്‌റിലേക്ക് മാറ്റാന്‍ ഹെല്‍പ്പ് ലൈന്‍ മുഖേന നിര്‍ദേശം. മറ്റൊരു രോഗിയെ വീഡിയോ കോളില്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍ സ്ഥിതി വിലയിരുത്തി ട്രീറ്റ്‌മെന്റ്് സെന്റ്‌റിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇതിനകം പ്രവേശിപ്പിക്കപ്പെട്ടയാളാണ് മൂന്നാമത്തെ രോഗി. സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ സെക്കന്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററായി നിശ്ചയിച്ചിട്ടുള്ള ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുകയാണ് ഇവിടത്തെ ദൗത്യം.
പ്രാഥമികരോഗലക്ഷണമുള്ള രോഗിയെ അടിയന്തരമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിക്കുന്നതിന് പ്രത്യേകമായി ഇരട്ട ചേംബര്‍ ഓട്ടോറിക്ഷ സജ്ജമാക്കിയായിരുന്നു മോക്ക് ഡ്രില്‍. പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റിനെ ഡ്രൈവര്‍ കാബിനില്‍ നിന്നും പ്ലാസ്റ്റിക് സ്‌ക്രീന്‍ മുഖേന വേര്‍തിരിച്ചാണ് ഓട്ടോറിക്ഷ ആംബുലന്‍സ് സജ്ജമാക്കിയത്. കുറച്ചു കൂടി ഗുരുതരനിലയിലുള്ള രോഗിക്കായി ആംബുലന്‍സാണ് അയച്ചത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ആശുപത്രിയിലേക്ക രോഗിയെ മാറ്റുന്നതിനും പ്രത്യേക ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരുന്നു,മാസ്‌ക്, ഗ്ലൗസ്, പഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ് എന്നിവയുടെ ഉപയോഗം ഉറപ്പു വരുത്തുകയും വിവിധ സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തിലെ പിഴവുകള്‍ പരിഹരിക്കുകയുമായിരുന്നു മോക് ഡ്രില്ലിന്റെ ലക്ഷ്യം.
ജില്ലയിലെ ആശുപത്രികള്‍, ഇന്റന്‍സീവ് കെയര്‍ യൂനിറ്റുകള്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സുകള്‍, കമ്യൂനിറ്റി കിച്ചനുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള പദ്ധതിയുടെ തല്‍സമയ നിരീക്ഷണം ഇതിനായി സജ്ജീകരിച്ച വാര്‍ റൂമില്‍ സാധ്യമാകും. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യദൗത്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ, മോട്ടോര്‍ വാഹന വകുപ്പ് (ആര്‍ടിഒ) സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായാണ് മോക് ഡ്രില്‍ ആവിഷ്‌കരിച്ചത്.മോക് ഡ്രില്ലില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് രണ്ടാമത്തെ മോക് ഡ്രില്‍ ഉടനെ നടപ്പാക്കും. ഇതില്‍ സെക്കന്‍ഡറി ട്രീറ്റ്‌മെന്റ് സെന്ററുകളായ ആശുപത്രികളില്‍ നിന്നും രോഗികളെ കോവിഡ് ആശുപത്രികളിലേക്ക് നീക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളിക്കും. വിമാനത്താവളത്തില്‍ നിന്നും രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതും ഈ മോക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്‌കരിക്കും.