കൊവിഡ്-19 : എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
ജില്ലയില്‍ തന്നെ കൂടുതല്‍ ആളുകളെത്തുന്ന എറണാകുളം മാര്‍ക്കറ്റില്‍ ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും തമ്മിലുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും
കൊച്ചി: എറണാകുളം ജിയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിച്ച് ജില്ല ഭരണകൂടം. വിവിധ വ്യാപാരി പ്രതിനിധികളുമായി മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ തന്നെ കൂടുതല്‍ ആളുകളെത്തുന്ന എറണാകുളം മാര്‍ക്കറ്റില്‍ ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും തമ്മിലുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ട്രക്ക് ഡ്രൈവര്‍മാര്‍ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്. അവരുടെ വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം, പ്രത്യേകമായ ശുചിമുറികള്‍ തയ്യാറാക്കണം. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാര്‍ക്കറ്റ് അടച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ജില്ലയിലെ ക്രമീകരണങ്ങള്‍.
വഴിയോര കച്ചവടം നിയന്ത്രിക്കും
എറണാകുളം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം താല്‍കാലികമായി നിര്‍ത്തലാക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി ഇത്തരം കച്ചവടക്കാര്‍ക്ക് മറൈന്‍ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം ക്രമീകരിച്ചു നല്‍കും. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമേ കച്ചവടം അനുവദിക്കു. മുമ്പ് കച്ചവടം നടത്തിയിരുന്ന പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് മാത്രമേ പുതിയ സംവിധാനത്തില്‍ സ്ഥലം അനുവദിച്ചു നല്‍കു.
ട്രക്കുകളെ കര്‍ശനമായി നിരീക്ഷിക്കും
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കശനമാക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ ട്രക്കുകള്‍ കൂടുതലായി എത്തുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടൈനര്‍ ടെര്‍മിനല്‍, ഐഒസിഎല്‍എച്ച്പിസിഎല്‍, ബിപിസിഎല്‍, മരട്, ആലുവ, എറണാകുളം, മൂവാറ്റുപുഴ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം, താമസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ ശേഖരിച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. ഇവരുടെ വിവരങ്ങള്‍ ജില്ല അതിര്‍ത്തികളില്‍ ശേഖരിക്കാനാവശ്യമായ നടപടി പോലീസ് സ്വീകരിച്ചു വരികയാണ്. താമസ സ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുമായോ ഇടപെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കും. എല്ലാ ട്രക്ക് ഡ്രൈവര്‍മാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിങ്കളാഴ്ചയോടു കൂടി ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.ജില്ല കലക്ടര്‍ എസ് സുഹാസ് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്,അസി.കലക്ടര്‍ എം എസ് മാധവിക്കുട്ടി, എസ് പി കെ കാര്‍ത്തിക്ക്, ഡിസിപി ജി പൂങ്കുഴലി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എ കെ കുട്ടപ്പന്‍ യോഗത്തില്‍ പങ്കെടുത്തു.