കൊവിഡ്-19- എറണാകുളത്തിന് ആശ്വാസം; പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല, നിരീക്ഷണത്തില്‍ ഉളളവരുടെ എണ്ണം കുറയുന്നു
ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 94 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 497 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1629 ആയി.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചുവെങ്കിലും എറണാകുളം ജില്ലയില്‍ ഏതാനും ദിവസങ്ങളായി പുതിയ കേസുകള്‍ റിപോര്‍ട് ചെയ്യാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ദിനംപ്രതി കുറയുന്നതും എറണാകുളത്തിന് ആശ്വാസമാകുന്നു.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 94 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 497 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1629 ആയി. ഇതില്‍ 1430 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 199 പേര് ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് ജില്ലയില്‍ 4 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 2 പേര് ആലുവ ജില്ലാ ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്. ഇന്ന് 2 പേരെ വീതം കളമശ്ശേരി മെഡിക്കല്‍ കോളജ് ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 28 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 12 പേര് കളമശ്ശേരി മെഡിക്കല്‍ കോളജിലും, 2 പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 3 പേര് ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 9 പേര് സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
ഇന്ന് ജില്ലയില്‍ നിന്നും 22 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 34 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 116 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ. സി. യു മാനേജ്മന്റ്, ഓക്സിജന്‍ തെറാപ്പി, വെന്റിലേറ്റര്‍ ഫങ്ക്ഷനിങ് , പി പി ഇ കിറ്റ് ധരിക്കേണ്ട രീതി തുടങ്ങിയവയെക്കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 28 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 26 പേര് നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര് നെടുമ്പാശ്ശേരിയിലും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഇന്ന് 2 മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍ 677 പേര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്കി.